ജനന നിയന്ത്രണം ഒഴിവാക്കി; കൂടുതൽ കുട്ടികൾക്ക് ജൻമം നൽകുന്നവർക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ചൈന
text_fieldsബെയ്ജിങ്: രാജ്യത്തിന്റെ തൊഴിൽ ശക്തി വർധിപ്പിക്കുന്നതിനായി കൂടുതൽ കുട്ടികൾക്ക് ജൻമം നൽകാൻ അനുമതി നൽകി ചൈന. കൂടുതൽ കുഞ്ഞുങ്ങൾക്ക് ജൻമം നൽകുന്നവർക്ക് നിരവധി ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു.
നികുതിയിളവ്, ഭവന വായ്പ ഇളവ്, വിദ്യാഭ്യാസ ആനുകൂല്യങ്ങൾ തുടങ്ങി പണം വരെ വാഗ്ദാനം നൽകിയാണ് രാജ്യത്തെ ജനസംഖ്യ വർധിപ്പിക്കാൻ ചൈന തീരുമാനിച്ചത്.
ഗ്ലോബൽ ടൈംസിന്റെ കണക്കു പ്രകാരം 2021 ന്റെ അവസാനത്തിൽ 141 കോടിയിലേറെ ജനങ്ങൾ ചൈനയിലുണ്ട്. എന്നാൽ 10.62 ദശലക്ഷം മാത്രമാണ് നവജാത ശിശുക്കൾ. ജനന നിരക്ക് മരണ നിരക്കിനോട് അടുത്തെത്തിയിരുന്നു. ഇത് ജനസംഖ്യ കുറക്കുമെന്നതിനാലാണ് ജനന നിയന്ത്രണം എടുത്തുകളഞ്ഞത്.
ലോകത്തെ ഏറ്റവും കൂടുതൽ ജനങ്ങളുള്ള രാജ്യമായ ചൈന ജനസംഖ്യ നിയന്ത്രിക്കാനായി ജനന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.ചൈനയുടെ ഒറ്റ കുഞ്ഞ് എന്ന വ്യവസ്ഥ പാലിക്കുന്നതിനായി നിർബന്ധിത ഗർഭഛിദ്രവും വന്ധ്യംകരണവും വ്യാപകമായിരുന്നു. അതുവഴി നിലവിൽ ജനസംഖ്യാപ്രതിസന്ധി നേരിടുകയാണ് രാജ്യം. പ്രായമായവരുടെ എണ്ണം കൂടുകയും രാജ്യത്തെ മുന്നോട്ടു നയിക്കുന്ന യുവത്വം നഷ്ടപ്പെടുകയും ചെയ്തതോടെയാണ് കൂടുതൽ കുഞ്ഞുങ്ങൾക്ക് ജൻമം നൽകുന്നവർക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് ചൈനീസ് ഭരണകൂടം രംഗത്തെത്തിയത്. മൂന്നു കുട്ടികളാണ് അഭികാമ്യമെന്നാണ് ഭരണകൂടം പറയുന്നത്.
അതേസമയം, ആനുകൂല്യങ്ങൾ വിവാഹിതരായ ദമ്പതികൾക്ക് മാത്രമേ ലഭ്യമാവുകയുള്ളു. ഏകരക്ഷിതാവിന് പിറക്കുന്ന കുട്ടികൾക്ക് ആരോഗ്യ ഇൻഷുറൻസ്, വിദ്യാഭ്യാസം തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാകാൻ ചൈനയിൽ ഇപ്പോഴും നീണ്ട യാതന അനുഭവിക്കേണ്ടതുണ്ട്. അവിവാഹിതയായ ഗർഭിണികൾക്ക് സർക്കാറിന്റെ ചികിത്സയും പ്രസവാവധി ആനുകൂല്യം ലഭിക്കാവുന്ന ഇൻഷുറൻസുകളും നിഷേധിക്കുന്ന അവസ്ഥയാണുള്ളത്. ഇവരെ തൊഴിലുടമകൾ ഗർഭത്തിന്റെ പേരിൽ അധിക്ഷേപിച്ചാൽ പോലും നിയമ പരിരക്ഷ ലഭിക്കുകയില്ല.
എന്നാൽ, ചൈനയിൽ വിവാഹിതരാകാൻ തയാറാകുന്ന സ്ത്രീകളുടെ എണ്ണത്തിലും വലിയ കുറവുണ്ട്. ജീവിതച്ചെലവ് കൂടുമെന്നതിനാൽ കൂടുതൽ കുട്ടികൾ വേണ്ടെന്ന് വെക്കുന്നവരും ഏറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.