കുട്ടികൾ ഗെയിമുകൾക്ക് അടിമപ്പെടുന്നു; ചൈന ക്ലാസ്റൂമുകളിൽ മൊബൈൽ ഫോൺ വിലക്കി
text_fieldsബെയ്ജിങ്: ചൈനയിലെ പ്രൈമറി, മിഡിൽ സ്കൂളുകളിലെ ക്ലാസ്റൂമുകളിൽ മൊബൈൽഫോൺ ഉപയോഗത്തിന് വിലക്കേർപെടുത്തി.
വിദ്യാർഥികൾ ഇന്‍റർനെറ്റിനും വിഡിയോ ഗെയിമുകൾക്കും അടിമപ്പെടുന്നത് തടയാൻ വേണ്ടിയാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ നടപടി. ഹോംവർക്കുകൾ മൊബൈൽ ഫോണിലൂടെ നൽകരുതെന്ന് അധ്യാപകർക്ക് നിർദേശം നൽകി.
'പ്രൈമറി, മിഡിൽ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾ ഇനിമുതൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടുള്ളതല്ല' -മന്ത്രാലയം പുറത്തുവിട്ട സർക്കുലർ ഉദ്ധരിച്ച് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
ഇനി മുതൽ ഈ തലത്തിലുള്ള കുട്ടികൾ സ്കൂളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനായി രക്ഷകർത്താക്കളുടെ സമ്മതത്തോട് കൂടിയുള്ള പ്രത്യേക അപേക്ഷ സമർപ്പിക്കാനാണ് നിർദേശം.
അപേക്ഷ സ്വീകരിക്കപ്പെട്ടാൽ വിദ്യാർഥി മൊബൈൽ സ്കൂൾ അധികൃതർക്ക് കൈമാറുകയാണ് വേണ്ടത്. അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ടി അവർ അത് കുട്ടികൾക്ക് നൽകും. ഇത്തരത്തിലുള്ള എല്ലാ മൊബൈലുകളും ഒരുമിച്ച് സൂക്ഷിക്കും എന്നാൽ യാതൊരു കാരണവശാലും ക്ലാസ്റൂമിൽ അനുവദിക്കില്ല.
മൊബൈൽ ഫോണിന് പകരം പൊതുടെലിഫോണുകൾ സ്ഥാപിക്കാനും വിളിക്കാൻ സൗകര്യമുള്ള ഇലക്ട്രോണിക് ഐ.ഡി കാർഡുകളും വ്യാപകമാക്കാനാണ് അധികൃതരുടെ നീക്കം.
ഇതോടൊപ്പം സാമൂഹിക മാധ്യമങ്ങൾക്ക് മേലുള്ള പിടി മുറുക്കാനും ചൈന നീക്കം തുടങ്ങി. രാഷ്ട്രീയ, സമ്പദ്വ്യവസ്ഥ, സൈനിക, നയതന്ത്ര മേഖലകളുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്യുകയോ കമന്‍റ് ചെയ്യുകയോ ചെയ്യരുതെന്ന് ഓർമിപ്പിച്ച് ഇന്‍റർനെറ്റ് കമ്പനികൾ കാമ്പയിൻ ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.