പോംപിയോ ഉൾപെടെ 28 വിശ്വസ്തർക്ക് വിലക്ക്; ട്രംപിനോട് പക വീട്ടി ചൈന
text_fields
ബെയ്ജിങ്: സ്വന്തം നാട്ടിൽ അപമാനിതനായി, പിൻഗാമിയെ കാത്തുനിൽക്കാതെ നാടുപിടിക്കേണ്ടിവന്ന മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് വിദേശത്തും കാത്തിരിക്കുന്നത് 'എട്ടിന്‍റെ പണി'. മുൻ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ ഉൾപെടെ 28 ട്രംപ് വിശ്വസ്തരെ ചൈന വിലക്കി. രാജ്യത്തിന്‍റെ പരമാധികാരത്തിനുമേൽ കടന്നുകയറിയവർക്കെതിരെയാണ് നടപടിയെന്നും ഇവർക്ക് ചൈനയിൽ മാത്രമല്ല, ഹോങ്കോങ്, മക്കാവു എന്നിവിടങ്ങളിലും പ്രവേശിക്കാനാകില്ലെന്നും ബൈഡൻ 46ാമത് അമേരിക്കൻ പ്രസിഡന്‍റായി അധികാരമേറ്റയുടൻ ബെയ്ജിങ് പുറത്തുവിട്ട വാർത്താകുറിപ്പിൽ പറയുന്നു. ബൈഡന്‍റെ അധികാരാരോഹണ ചടങ്ങ് പൂർത്തിയായി 15 മിനിറ്റിനിടെ ഉത്തരവ് പുറത്തിറങ്ങിയതായി ബ്ലൂബർഗ് റിപ്പോർട്ട് പറയുന്നു.
ട്രംപിന്‍റെ സാമ്പത്തിക ഉപദേഷ്ടാവ് പീറ്റർ നവാരോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഒബ്രിയൻ, മുതിർന്ന പൂർവേഷ്യ നയതന്ത്രജ്ഞൻ ഡേവിഡ് സ്റ്റിൽവെൽ, ദേശീയ സുരക്ഷ ഡെപ്യൂട്ടി ഉപദേഷ്ടാവ് മാത്യു പോട്ടിങ്ഗർ, ആരോഗ്യ, അവശ്യ സേവന സെക്രട്ടറില അലക്സ് അസർ, സാമ്പത്തിക വികസന അണ്ടർ സെക്രട്ടറി കീത്ത് ക്രാച്ച്, യു.എൻ അംബാസഡർ കെല്ലി ക്രാഫ്റ്റ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ജോൺ ബോൾട്ടൺ, ചീഫ് സ്ട്രാറ്റജിസ്റ്റ് സ്റ്റീവ് ബാനൺ എന്നിവരും വിലക്ക് നേരിടുന്നവരിൽ പെടും.
പുതിയ നീക്കം ഇവർക്ക് കാര്യമായ 'പരിക്ക്' ഏൽപിക്കില്ലെങ്കിലും ട്രംപിനോടും മുൻ ഭരണകൂടത്തോടുമുള്ള ചൈനയുടെ ശത്രുത കൂടുതൽ പരസ്യമാക്കും.
'അന്ത്യനാളിലെ കോമാളി'യാണ് പോംപിയോയെന്ന് നേരത്തെ ചൈനീസ് വിദേശകാര്യ സെക്രട്ടറി കുറ്റപ്പെടുത്തിയിരുന്നു.
നേരത്തെ ചൈനയിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് ട്രംപ് ഭരണകൂടം വിലക്കേർപെടുത്തിയിരുന്നു. ടിബറ്റ്, തായ്വാൻ, ഹോങ്കോങ്, ദക്ഷിണ ചൈന കടൽ എന്നിവിടങ്ങളിലെ നിയമവിരുദ്ധ ഇടപെടൽ ആരോപിച്ചായിരുന്നു നടപടി. ട്രംപും ചൈനയും തമ്മിലെ അസ്വാരസ്യങ്ങൾ രണ്ടര ലക്ഷം അമേരിക്കക്കാർക്ക് തൊഴിൽ നഷ്ടപ്പെടുത്തിയിരുന്നതായി റോയിേട്ടഴ്സ് റിപ്പോർട്ട് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.