മസ്ഊദ് അസ്ഹറിന്റെ സഹോദരനെ കരിമ്പട്ടികയിൽപെടുത്താനുള്ള ഇന്ത്യ-യു.എസ് നിർദേശം തള്ളി ചൈന
text_fieldsയുനൈറ്റഡ് നേഷൻസ്: ജെയ്‌ഷെ മുഹമ്മദ് തലവൻ മസ്ഊദ് അസ്ഹറിന്റെ സഹോദരനും പാകിസ്താൻ ആസ്ഥാനമായുള്ള ഭീകരസംഘടനയുടെ ഉപമേധാവിയുമായ അബ്ദുൾ റഊഫ് അസ്ഹറിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള യു.എസിന്റെയും ഇന്ത്യയുടെയും നിർദേശം ചൈന തടഞ്ഞു. രണ്ട് മാസത്തിനുള്ളിൽ ചൈനയുടെ ഇത്തരത്തിലുള്ള രണ്ടാമത്തെ നീക്കമാണിത്.
യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് ചൈനയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാ കൗൺസിൽ യോഗത്തിൽ കരിമ്പട്ടികയിൽ പെടുത്തണം എന്ന ആവശ്യം മുന്നോട്ടുവെച്ചിരുന്നു.
1974ൽ പാകിസ്താനിൽ ജനിച്ച അബ്ദുൾ റഊഫ് അസ്ഹറിന് 2010 ഡിസംബറിൽ യു.എസ് യാത്രാ അനുമതി നൽകിയിരുന്നു. 1999ൽ ഇന്ത്യൻ എയർലൈൻസിന്റെ ഫ്ലൈറ്റ് ഐ.സി-814 ഹൈജാക്ക് ചെയ്തതിന്റെ സൂത്രധാരനായിരുന്നു അദ്ദേഹം. അബ്ദുൾ റഊഫ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനും സ്വത്തുക്കൾ മരവിപ്പിക്കാനും യാത്രകൾ തടയാനും ഉപരോധം ഏർപ്പെടുത്താനുമാണ് ഇന്ത്യയും യു.എസും നിർദേശം മുന്നോട്ടുവെച്ചത്. എന്നാൽ, പാകിസ്താന്റെ അടുത്ത സൗഹൃദ രാജ്യമായ ചൈന ഇതിന് തടയിടുകയായിരുന്നു.
യു.എൻ സെക്യൂരിറ്റി കൗൺസിലിന്റെ ഉപരോധ സമിതിക്ക് കീഴിൽ പാകിസ്താൻ ആസ്ഥാനമായുള്ള ഒരാളെ കരിമ്പട്ടികയിൽ പെടുത്താനുള്ള യു.എസിന്റെയും ഇന്ത്യയുടെയും ലിസ്റ്റിംഗ് ചൈന തടഞ്ഞുവക്കുന്നത് രണ്ട് മാസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.