വിവാഹമോചനം നേടിയ ഭർത്താവ് ഭാര്യ ചെയ്ത വീട്ടുജോലിക്കും പ്രതിഫലം നൽകണം; നിർണായക വിധിയുമായി ചൈനീസ് കോടതി
text_fieldsബെയ്ജിങ്: വിവാഹമോചനം നേടിയ ഭർത്താവ് ഭാര്യ ചെയ്ത വീട്ടുജോലിക്കും പ്രതിഫലം നൽകണമെന്ന് ചൈനീസ് കോടതിയുടെ നിർണായക വിധി. 50,000 യുവാൻ (5.57 ലക്ഷം രൂപ) നൽകണമെന്നാണ് വിധി. അഞ്ച് വർഷത്തെ വിവാഹജീവിതത്തിനിടെ ഭാര്യയാണ് കൂടുതൽ വീട്ടുജോലികൾ ചെയ്തതെന്നും ഇത് പ്രതിഫലമില്ലാത്ത ജോലിയാണെന്നുമുള്ള വാദം അംഗീകരിച്ചാണ് കോടതി വിധി.
ചെൻ എന്ന വിളിപ്പേരിൽ അറിയപ്പെടുന്നയാളാണ് തന്‍റെ ഭാര്യയായ വാങ്ങിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയിലെത്തിയത്. 2015ലായിരുന്നു ഇവരുടെ വിവാഹം.
വിവാഹമോചനത്തിന് വാങ് തയാറല്ലായിരുന്നു. എന്നാൽ, മതിയായ നഷ്ടപരിഹാരം നൽകിയാൽ വിവാഹമോചനത്തിന് ഒരുക്കമാണെന്ന് വാങ് സമ്മതിച്ചു. വീട്ടുജോലിക്കോ കുട്ടികളെ നോക്കുന്നതിലോ ഭർത്താവായ ചെൻ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നില്ലെന്ന് ഇവർ കോടതിയെ അറിയിച്ചു.
തുടർന്ന് ബെയ്ജിങ്ങിലെ ഫാങ്ഷാൻ ജില്ല കോടതിയാണ് വാങ്ങിന് അനുകൂലമായി വിധിച്ചത്. പ്രതിമാസം 2000 യുവാൻ ജീവനാംശമായി നൽകാനും ഇതോടൊപ്പം 50,000 യുവാൻ വാങ് ചെയ്ത വീട്ടുജോലിയുടെ പ്രതിഫലമായി നൽകാനുമാണ് വിധി.
ഈ വർഷം ചൈനയിൽ പ്രാബല്യത്തിൽ വന്ന പുതിയ സിവിൽ കോഡ് അനുസരിച്ചാണ് വിധി. പുതിയ നിയമപ്രകാരം, കുട്ടികളെ വളർത്തുന്നതിലും പ്രായമായ ബന്ധുക്കളെ പരിപാലിക്കുന്നതിലും പങ്കാളികളെ അവരുടെ ജോലിയിൽ സഹായിക്കുന്നതിലും കൂടുതൽ ഉത്തരവാദിത്തം വഹിക്കുന്ന ഒരു പങ്കാളിയ്ക്ക് വിവാഹമോചനത്തിൽ നഷ്ടപരിഹാരം തേടാനുള്ള അവകാശമുണ്ട്.
ചൈനയിൽ ഒരു വീട്ടമ്മ ദിവസം നാല് മണിക്കൂറിലേറെ വീട്ടുജോലിയിലേർപ്പെടുന്നതായാണ് കണക്കാക്കുന്നത്. ഇത് പുരുഷനെ അപേക്ഷിച്ച് രണ്ടര ഇരട്ടിയിലേറെ സമയമാണ്.
വിധിയെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ വലിയ വാദപ്രതിവാദങ്ങൾ തുടരുകയാണ്. അഞ്ച് വർഷത്തെ വീട്ടുജോലിക്ക് 50,000 യുവാൻ പ്രതിഫലമിട്ടത് കുറഞ്ഞുപോയെന്നാണ് സമൂഹമാധ്യമങ്ങളിൽ അഭിപ്രായമുയരുന്നത്. പുരുഷന്മാർ വീട്ടുജോലിയിൽ കൂടുതൽ പങ്കാളികളാകണമെന്നും ചിലർ നിർദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.