
600 കിലോമീറ്ററിൽ പറക്കും ട്രെയിൻ കന്നിയാത്ര നടത്തി ചൈന
text_fieldsബെയ്ജിങ്: കരയിലെ അതിവേഗങ്ങളെ തോൽപിച്ച് പുതിയ പറക്കുംട്രെയിനുമായി ചൈന. മണിക്കൂറിൽ 600 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന മേഗ്ലവ് ട്രെയിനാണ് ചൈനയിലെ ക്വിങ്ഡാവോ പട്ടണത്തിൽ കന്നിയാത്ര നടത്തിയത്. ട്രാക്കിനു മുകളിൽ െപാങ്ങിക്കിടക്കുംപോലെ സഞ്ചരിക്കാൻ സഹായിക്കുന്ന 'മാഗ്നെറ്റിക് ലെവിറ്റേഷൻ' എന്നതിന്‍റെ ചുരുക്കപ്പേരായ മേഗ്ലവ് വിഭാഗത്തിൽ പെട്ട ട്രെയിൻ വൈദ്യുത കാന്തിക ശക്തിയിലാണ് സഞ്ചരിക്കുന്നത്. സർക്കാറിന് കീഴിലുള്ള ചൈന റെയിൽവേ റോളിങ് സ്റ്റോക് കോർപറേഷൻ ആണ് നിർമാതാക്കൾ.
പരമാവധി വേഗത്തിനു പുറമെ അന്തരീക്ഷ മലിനീകരണം തീരെ കുറവാണെന്നതും മേഗ്ലവ് ട്രെയിനുകളുടെ സവിശേഷതയാണ്. 2019ൽ മാധ്യമങ്ങൾക്ക് മുമ്പിൽ സർക്കാർ ഇതിന്‍റെ മോഡൽ അവതരിപ്പിച്ചിരുന്നു. ഭൂവിസ്തൃതിയിൽ റഷ്യക്ക് താഴെ രണ്ടാമതുള്ള ചൈനയിലെ പ്രധാന മെട്രോ നഗരങ്ങളെ ബന്ധിപ്പിച്ച് അതിവേഗത്തിൽ എത്താൻ മേഗ്ലവ് ട്രെയിനുകൾ വ്യാപകമാക്കാൻ സർക്കാർ ലക്ഷ്യമിടുന്നു.
നിലവിൽ 350 കിലോമീറ്ററാണ് ചൈനയിൽ സർവീസ് നടത്തുന്ന അതിവേഗ ട്രെയിനിന്‍റെ പരമാവധി വേഗം. അതിന്‍റെ ഇരട്ടിയോളം വരും പുതിയതായി ആരംഭിച്ച ട്രെയിൻ. അതിവേഗ യാത്രക്ക് നാം ആശ്രയിക്കുന്ന വിമാനത്തിന് 800-900 കിലോമീറ്ററാണ് ശരാശരി വേഗം. ഇതിന്‍റെ അടുത്തെത്തുന്ന വേഗത്തിൽ കരയിൽ സഞ്ചരിക്കാനാകുന്നത് ഗതാഗത രംഗത്ത് വിപ്ലവം കുറിക്കും.
ചൈനയിൽ അതിവേഗ ട്രെയിൻ സർക്കാർ ആരംഭിച്ചുവെങ്കിലും അവക്ക് സർവീസ് നടത്താൻ ശേഷിയുള്ള പാതകളുടെ കുറവ് വെല്ലുവിളിയാണ്. ഷാങ്ഹായ് വിമാനത്താവളത്തിൽനിന്ന് നഗരത്തിലേക്ക് മാത്രമാണ് നിലവിൽ ഈ പാത ഉപയോഗത്തിലുള്ളത്. ഇത് മറികടക്കാൻ മേഗ്ലവ് ട്രെയിനുകൾക്ക് പ്രത്യേക പാത നിർമാണം അതിവേഗം പുരോഗമിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.