കോവിഡ് സ്ഥിതി സംബന്ധിച്ച് പാശ്ചാത്യമാധ്യമങ്ങൾ പുറത്തുവിടുന്നത് തെറ്റായ വിവരങ്ങളെന്ന് ചൈന
text_fieldsബീജിങ്: ചൈനയിലെ കോവിഡ് സ്ഥിതി സംബന്ധിച്ച് പാശ്ചാത്യ മാധ്യമങ്ങൾ പുറത്തുവിടുന്നത് തെറ്റായ കണക്കുകളെന്ന ആരോപണവുമായി ചൈനീസ് വിദേശകാര്യമന്ത്രാലയം. കോവിഡ് രോഗികളുടെ എണ്ണം, മരണം, ഗുരുതരമായ രോഗികൾ എന്നിവ സംബന്ധിച്ച കണക്കുകൾ പാശ്ചാത്യമാധ്യമങ്ങൾ പെരുപ്പിച്ച് കാണിക്കുകയാണെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് മാവോ നിങ് പറഞ്ഞു.
റിപ്പോർട്ടുകൾ പ്രകാരം ചൈനയിലെ കോവിഡ് സാഹചര്യം നിയന്ത്രണവിധേയമാണ്. നാഷണൽ ഹെൽത്ത് കമ്മീഷന്റെ കണക്കുപ്രകാരം ചൈനയിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ കോവിഡ് ബാധിച്ച് മരിച്ചത് ഏഴ് പേർ മാത്രമാണ്. ഈ ഏഴ് പേരും ബീജിങ്ങിലാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ഷാങ്ഹായ് നഗരത്തിൽ കോവിഡ് ഗുരുതരമാകുന്നവരുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. മുതിർന്ന പൗരൻമാരിൽ കോവിഡ് ഗുരുതരമാകുന്നവരെ എണ്ണമാണ് കുറഞ്ഞത്. ഇത് ലോക്ഡൗൺ സമയത്തേക്കാൾ താഴ്ന്നിട്ടുണ്ടെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിക്കുന്നു.
ചൈനയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച വുഹാനിലും സ്ഥിതി നിയന്ത്രണവിധേയമാണെന്ന് വുഹാൻ യൂനിവേഴ്സിറ്റി ആശുപത്രിയിലെ ഐ.സി.യു ഡയറക്ടർ പെങ് ഷിയോങ് പറഞ്ഞു. ഇപ്പോൾ ആവശ്യത്തിന് ഐ.സി.യു ബെഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ആശുപത്രികളിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചൈനയിൽ കോവിഡ് സ്ഥിരീകരിക്കുന്നവരിൽ ഗുരുതരമാകുന്നവരുടെ എണ്ണം 16.47 ശതമാനത്തിൽ നിന്നും 3.32 ശതമാനമായി കഴിഞ്ഞ വർഷം കുറഞ്ഞിരുന്നു. ഡിസംബർ അഞ്ച് വരെയുള്ള കണക്കുകൾ അനുസരിച്ച് നിലവിലുള്ള കോവിഡ് രോഗികളിൽ 0.18 ശതമാനം പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളതെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് അറിയിച്ചു. കോവിഡ് രോഗബാധ തുടങ്ങിയതിന് ശേഷം സുതാര്യമായി ചൈന ലോകാരോഗ്യ സംഘടനക്ക് വിവരങ്ങൾ കൈമാറുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. കോവിഡ് സംബന്ധിച്ച് ചൈന കൂടുതൽ വിവരങ്ങൾ നൽകണമെന്ന ലോകാരോഗ്യ സംഘടന തലവന്റെ പ്രസ്താവനയോടാണ് ചൈനയുടെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.