ചൈനയിൽ ഭൂചലനം; 127 മരണം
text_fieldsബെയ്ജിങ്: വടക്കുപടിഞ്ഞാറൻ ചൈനയിലെ പർവത പ്രദേശത്ത് കഴിഞ്ഞ ദിവസം അർധരാത്രിയോടടുത്തുണ്ടായ ഭൂചലനത്തിൽ 127 പേർ മരിച്ചു. 6.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണുണ്ടായത്. 700ഓളം പേർക്ക് പരിക്കേറ്റു.
അർധരാത്രി 11.59ന് ചൈനയുടെ വടക്ക് പടിഞ്ഞാറൻ മേഖലയിലാണ് ഭൂകമ്പമുണ്ടായത്. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തി. ഗാൻസു- ക്വിൻഹ പ്രവിശ്യകളുടെ അതിർത്തിയോട് ചേർന്ന് 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം. സാല സ്വയംഭരണ കൗണ്ടിയിൽ നിന്ന് എട്ട് കിലോമീറ്റർ അകലെ ലിയുഗൗ ടൗൺഷിപ്പിലാണ് പ്രഭവകേന്ദ്രം.
വൈദ്യുതി, ജലം, ഗതാഗതം, വാർത്താവിനിമയ സംവിധാനം അടക്കമുള്ളവ താറുമാറായി. മലനിരകളുള്ള മേഖലയും കടുത്ത തണുപ്പും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതായാണ് വിവരം. മൈനസ് 10 ഡിഗ്രി സെൽഷ്യൽസ് ആണ് താപനില.
കൂടുതൽ പേരെ രക്ഷാപ്രവർത്തനത്തിന് അയക്കാൻ പ്രസിഡന്‍റ് ഷീ ജിപിങ് നിർദേശം നൽകി. അഗ്നിശമനസേനയുടെ 580തോളം സേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിലാണ്. ഇതോടൊപ്പം അപകടത്തിൽപ്പെട്ടവരെ കണ്ടെത്താൻ പരിശീലനം നേടിയ നായ്കളെയും ഉപയോഗിക്കുന്നുണ്ട്.
2008ൽ ചൈനയിൽ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 5,335 കുട്ടികളടക്കം 87,000 പേർ മരിച്ചിരുന്നു. 2022 സെപ്റ്റംബറിൽ സിൻചുവാൻ പ്രവിശ്യയിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 100 പേർ മരിച്ചിരുന്നു. കഴിഞ്ഞ ആഗസ്റ്റിൽ കിഴക്കൻ ചൈനയിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 23 പേർക്ക് പരിക്കേറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.