വിയറ്റ്നാം കടലിൽ മിസൈൽ തൊടുത്ത് ചൈന
text_fieldsതായ്പേയ്: യു.എസ് പ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസി വന്നു മടങ്ങിയതിനു പിറകെ വിയറ്റ്നാമിനെ ഞെട്ടിച്ച് മിസൈലുകൾ തൊടുത്ത് ചൈന. വ്യാഴാഴ്ച രാവിലെ ആരംഭിച്ച സൈനികാഭ്യാസത്തിന്റെ ഭാഗമായാണ് വിയറ്റ്നാം തീരത്തിനരികെ ചൈന മിസൈലുകൾ പതിച്ചത്. കിഴക്കൻ മേഖലയിൽനിന്ന് ചൈനീസ് കപ്പലുകളിൽനിന്ന് പറന്ന മിസൈലുകൾ മറ്റ്സു, വുഖ്‍ലു, ഡോൻഗ്വിൻ ദ്വീപുകൾക്കരികെ പതിച്ചതായി തായ്‍വാൻ സ്ഥിരീകരിച്ചു. ചൈനയുടെ കപ്പലുകളും യുദ്ധവിമാനങ്ങളും നിരവധി തവണ തായ്‍വാൻ കടലിടുക്ക് കടന്നു. ഉച്ചയോടെ ഇരു രാജ്യങ്ങളുടെയും യുദ്ധക്കപ്പലുകൾ മുഖാമുഖം നിന്നത് ഭീതി വർധിപ്പിച്ചു.
യുദ്ധക്കപ്പലുകളും വിമാനങ്ങളും തുടർച്ചയായി അതിർത്തി കടന്നതോടെ യുദ്ധ വിമാനങ്ങളും മിസൈലുകളും യുദ്ധസജ്ജമാക്കിനിർത്തി തായ്‍വാനും പ്രതിരോധത്തിനൊരുങ്ങി. ചൈന നിരന്തരം ഭീഷണി സൃഷ്ടിക്കുകയാണെന്ന് തായ്‍വാൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
തായ്‍വാന് ചുറ്റും ഉപരോധ വല തീർത്താണ് ചൈന കഴിഞ്ഞ ദിവസം വ്യോമ, നാവിക സേനാഭ്യാസം പ്രഖ്യാപിച്ചത്. വിദേശ കപ്പലുകളും വിമാനങ്ങളും ഈ ദിവസങ്ങളിൽ ഇതുവഴി സഞ്ചരിക്കരുതെന്ന് അന്ത്യശാസനവും നൽകിയിരുന്നു. ബുധനാഴ്ചയാണ് തായ്‍വാൻ സന്ദർശനം പൂർത്തിയാക്കി പെലോസി മടങ്ങിയത്. തൊട്ടുപിറകെ, 20 ചൈനീസ് യുദ്ധവിമാനങ്ങൾ തായ്‍വാൻ വ്യോമാതിർത്തി കടന്നെത്തിയത് ആശങ്ക പരത്തി. കടുത്ത പ്രത്യാഘാതം വരാനിരിക്കുന്നുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പും വന്നു.
വിയറ്റ്നാമിൽനിന്നുള്ള നിരവധി കമ്പനികളുടെ ഇടപാടുകൾ തടഞ്ഞും പഴം, മത്സ്യം തുടങ്ങി നൂറിലേറെ ഉൽപന്നങ്ങളെ വിലക്കിയും സാമ്പത്തിക ഉപരോധവും നടപ്പാക്കി. ആയുധം പരീക്ഷിച്ചുള്ള സൈനികാഭ്യാസം നടത്തിയത് സംഘർഷം കൂട്ടി. അത്യാധുനിക ജെ.20 യുദ്ധവിമാനങ്ങൾ, ഡി.എഫ്- 17 ഹൈപർ സോണിക് മിസൈലുകൾ എന്നിവ അണിനിരത്തിയായിരുന്നു സൈനികാഭ്യാസം. ടൈപ് 55 വിഭാഗത്തിൽപെട്ട രണ്ട് യുദ്ധക്കപ്പലുകളും തായ്‍വാൻ തീരത്തിനരികെ എത്തി. യുദ്ധഭീതിയിലായ മേഖലയിൽ നേരിട്ടിടപെടുന്നതിന്റെ ഭാഗമായി യു.എസ് നാല് യുദ്ധക്കപ്പലുകൾ വിന്യസിച്ചതായും റിപ്പോർട്ടുകൾ വന്നു.
എന്നാൽ, ചൈനയുടെ പ്രകോപനത്തിന് തിരിച്ചടിയില്ലാത്തതിനാൽ നാലു ദിവസത്തേക്ക് പ്രഖ്യാപിച്ച സൈനികാഭ്യാസം ഒരു ദിവസം കൊണ്ട് തീർത്ത് മേഖല വീണ്ടും തുറന്നുകൊടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.