ഇന്ത്യൻ അതിർത്തിക്കരികെ, ടിബറ്റിൽ ആദ്യ സമ്പൂർണ വൈദ്യുത ബുള്ളറ്റ് ട്രെയിൻ ഒാടിച്ച് ചൈന
text_fieldsബെയ്ജിങ്: ഹിമാലയൻ പ്രദേശമായ ടിബറ്റിൽ സമ്പൂർണ വൈദ്യുത ബുള്ളറ്റ് ട്രെയിനോടിച്ച് ചൈന. ചൈനീസ് പ്രവിശ്യാ തലസ്ഥാനമായ ലാസയെയും ടിബറ്റൻ അതിർത്തി പട്ടണമായ നയിങ്ചിയെയും ബന്ധിപ്പിച്ചാണ് ട്രെയിൻ സർവിസ്. അരുണാചൽ പ്രദേശിനോട് തൊട്ടുകിടക്കുന്ന പ്രദേശമാണ് നയിങ്ചി.
സിചുവാൻ -ടിബറ്റ് റെയിൽവേയുടെ 435.5 കിലോമീറ്ററാണ് ലാസ -നയിങ്ചി വിഭാഗം. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ശതാബ്ദിയാഘോഷത്തോടനുബന്ധിച്ച് ജൂലൈ ഒന്നിനാകും ഉദ്ഘാടനം.
ടിബറ്റിലെ ആദ്യ സമ്പൂർണ വൈദ്യുത ട്രെയിൻ സർവിസാണിത്. ക്വിൻഹായ് -ടിബറ്റ് പാതക്ക് ശേഷം ടിബറ്റിലേക്കുള്ള രണ്ടാമത്തെ റെയിൽവേ പാതയാകും ഇത്. ലോകത്തിലെ ഏറ്റവും ഭൗമശാസ്ത്രപരമായ പ്രത്യേകതകളോട് കൂടിയ സജീവ പ്രദേശങ്ങളിലൊന്നായ ക്വിങ്ഹായ് -ടിബറ്റ് പീഠഭൂമിയുടെ തെക്കുകിഴക്കാണ് ഇൗ പാത.
പുതിയ റെയിൽവേ പാതയുടെ നിർമാണം വേഗത്തിലാക്കാൻ ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് അധികൃതർക്ക് നവംബറിൽ നിർദേശം നൽകിയിരുന്നു. അതിർത്തി സംരക്ഷണത്തിന് നിർണായക പങ്കുവഹിക്കാനാകുമെന്നായിരുന്നു വിലയിരുത്തൽ.
സിചുവാൻ പ്രവിശ്യയുടെ തലസ്ഥാനമായ ചെങ്ഡുവിൽനിന്നാണ് ട്രെയിൻ സർവിസ് ആരംഭിക്കുക. അവിടെനിന്ന് യാൻ, കാംഡോ പ്രദേശങ്ങൾ വഴി ടിബറ്റിലെത്തും. ഇതിലൂടെ ചെങ്ഡുവിൽനിന്ന് ലാസയിലേക്ക് 13 മണിക്കൂർക്കൊണ്ട് എത്താനാകും. അല്ലെങ്കിൽ 48 മണിക്കൂർ സഞ്ചരിക്കണം.
അരുണാചൽ പ്രദേശ് അതിർത്തിയോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് നയിങ്ചി. ദക്ഷിണ ടിബറ്റിെൻറ ഭാഗമാണ് അരുണാചൽ പ്രദേശെന്നാണ് ചൈനയുടെ അവകാശവാദം. ഇന്ത്യ ഇത് നിഷേധിച്ചിരുന്നു. ഇന്ത്യ -ചൈന അതിർത്തിയിലെ യഥാർഥ നിയന്ത്രണ രേഖയുമായി ബന്ധപ്പെട്ട് 3488 കിലോമീറ്ററിൽ ഇപ്പോഴും അതിർത്തി തർക്കം നിലനിൽക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.