അധ്യാപകന് കോവിഡ്; ചൈനയിൽ വിദ്യാർഥികളെ സ്കൂളിൽ പൂട്ടിയിട്ടു, രക്ഷിതാക്കളെ വിവരമറിയിച്ചത് അർധരാത്രി
text_fieldsബെയ്ജിങ്: അധ്യാപകൻ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് വിദ്യാർഥികളെ ക്ലാസ് മുറികളിലിരുത്തി ചൈനയിലെ സർക്കാർ ഉദ്യോഗസ്ഥർ സ്കൂൾ അടച്ചുപൂട്ടി. ബെയ്ജിങ്ങിലെ ഒരു പ്രൈമറി സ്കൂളിലാണ് സംഭവം. പോസിറ്റീവ് കേസ് കണ്ടെത്തുകയും സ്കൂൾ ലോക്ക്ഡൗണിലേക്ക് പോകുകയും ചെയ്തതോടെ, ഏഴിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള കുട്ടികളുടെ ഉത്കണ്ഠാകുലരായ മാതാപിതാക്കൾ സ്കൂളിന് പുറത്ത് തടിച്ചുകൂടി.
ചില കുട്ടികൾ രണ്ടാഴ്ച്ചത്തേക്ക് സ്കൂളിൽ ക്വാറൻറീനിൽ കഴിയേണ്ടി വരുമെന്ന് പ്രിൻസിപ്പൽ രക്ഷിതാക്കളെ അറിയിച്ചിരുന്നു. ക്വാറന്‍റീൻ കാലയളവിൽ കുട്ടികളോടൊപ്പം ഒരു രക്ഷിതാവിന് താമസിക്കാമെന്നും സ്കൂളിൽ നിന്നും അറിയിപ്പുണ്ടായി. അതേസമയം, അർധരാത്രിക്ക് ശേഷം മാത്രമാണ് രക്ഷിതാക്കൾക്ക് അവരുടെ കുട്ടികളെ കുറിച്ച് വിവരം ലഭിച്ചത്. -ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
അതേസമയം, എത്ര കുട്ടികളെയാണ് ക്വാറന്‍റീനിലിരുത്തിയതെന്ന കാര്യം വ്യക്തമല്ല. കോവിഡ് ഫലം കാത്തിരിക്കുന്ന കുട്ടികളുടെ മാതാപിതാക്കളോട് രാത്രി സ്കൂളിൽ കഴിയാനായി തലയിണകളും പുതപ്പുകളും കൊണ്ടുവരാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. മുഴുവൻ ജീവനക്കാരെയും വിദ്യാർത്ഥികളെയും സ്‌കൂൾ പരിസരത്ത് വെച്ച് തന്നെ പരിശോധിച്ച്, സ്കൂൾ താൽക്കാലികമായി അടച്ചിരിക്കുകയാണ്.
കോവിഡ് സ്ഥിരീകരിച്ച അധ്യാപകന്‍റെ കുട്ടി അടുത്തുള്ള ജൂനിയർ ഹൈസ്‌കൂളിൽ വെച്ച് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതോടെ ആ സ്കൂളിലെ ചില വിദ്യാർഥികളും ക്വാറൻറീനിൽ പ്രവേശിക്കേണ്ടി വന്നിട്ടുണ്ട്. രോഗബാധിതനായ അധ്യാപകൻ കുത്തിവെപ്പ് നടത്തിയ അതേ വാക്സിനേഷൻ സൈറ്റിൽ വെച്ച് മറ്റു ചില അധ്യാപകർ കോവിഡ് -19 ബൂസ്റ്റർ ഷോട്ടുകളെടുത്തതിനാൽ ബീജിംഗിലെ ചായോയാങ് ജില്ലയിലെ 16 സ്കൂളുകൾ കൂടി അടച്ചിടേണ്ടി വന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.