യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയെ സഹായിക്കുന്നത് ചൈന –നാറ്റോ
text_fieldsവാഷിങ്ടൺ: റഷ്യയുമായി ശക്തമായ ബന്ധം തുടരുന്ന ചൈനക്കെതിരെ നാറ്റോ രംഗത്ത്. പ്രതിരോധ വ്യവസായ മേഖലയിൽ പരിധിയില്ലാത്ത സഹകരണവുമായി യുക്രെയ്നെതിരായ യുദ്ധത്തിൽ റഷ്യയെ സഹായിക്കുന്നത് ചൈനയാണെന്ന് നാറ്റോ സഖ്യം ആരോപിച്ചു. യുറോപ്യൻ, അയൽരാജ്യങ്ങളുടെ സുരക്ഷക്ക് റഷ്യൻ ഭീഷണി വർധിക്കാൻ ചൈനയുടെ സഹായം കാരണമാകുന്നതായും വാഷിങ്ടണിൽ നടന്ന നാറ്റോ ഉച്ചകോടി തയാറാക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ചൈനയുടെ ആണവായുധ ശേഖരത്തിലും ബഹിരാകാശ പദ്ധതികളിലും ആശങ്ക പ്രകടിപ്പിച്ച ഉച്ചകോടി, റഷ്യക്ക് ആയുധങ്ങളും യുദ്ധ സാമഗ്രികളും നൽകുന്നതും രാഷ്ട്രീയ പിന്തുണയും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. വിദ്വേഷകരമായ സൈബർ ആക്രമണങ്ങളുടെയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന്റെയും പിന്നിൽ ചൈനയാണെന്നും നാറ്റോ ആരോപിച്ചു.
ചൈന നാറ്റോ സഖ്യത്തിന്റെ ശ്രദ്ധാകേന്ദ്രമാവുകയാണെന്നാണ് 32 അംഗങ്ങളുള്ള നാറ്റോ സഖ്യം തയാറാക്കിയ പ്രസ്താവന സൂചിപ്പിക്കുന്നത്. റഷ്യയുടെയും ചൈനയുടെയും സുരക്ഷ ഭീഷണിയിൽ ചില ഏഷ്യൻ രാജ്യങ്ങളും യൂറോപ്പിലെ സഖ്യകക്ഷികളും ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലാണ് നാറ്റോ കടുത്ത നിലപാട് സ്വീകരിച്ചത്. യുക്രെയ്നെതിരായ റഷ്യയുടെ യുദ്ധത്തിൽ ചൈനയുടെ ഉത്തരവാദിത്തം സംബന്ധിച്ച് സഖ്യത്തിന്റെ സന്ദേശം വ്യക്തവും ശക്തവുമാണെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടെൻബർഗ് പറഞ്ഞു. അതിനിടെ, റഷ്യക്കെതിരായ യുദ്ധത്തിൽ യുക്രെയ്നുള്ള സഹായം തുടരാൻ നാറ്റോ ഉച്ചകോടി തീരുമാനിച്ചു. അടുത്ത ഒരു വർഷത്തേക്ക് 3,591,367 കോടി രൂപക്ക് തുല്യമായ സഹായമാണ് നൽകുക.
ആരോപണം തള്ളി ചൈന
ബെയ്ജിങ്: യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയുടെ നിർണായക സഹായിയാണെന്ന നാറ്റോ സഖ്യത്തിന്റെ ആരോപണം തള്ളി ചൈന രംഗത്ത്. യുക്രെയ്ൻ യുദ്ധത്തിന് ചൈനയാണ് ഉത്തരവാദിയെന്ന് നാറ്റോ പ്രചരിപ്പിക്കുന്നത് യുക്തിരഹിതവും ദുഷ്ടലാക്കോടെയുമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ പറഞ്ഞു. യുക്രെയ്ൻ വിഷയത്തിൽ ചൈനക്ക് സത്യസന്ധവും നിഷ്പക്ഷവുമായ നിലപാടാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ലോക വ്യാപാര സംഘടനയുടെ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ നിയമാനുസൃത വ്യാപാരമാണ് റഷ്യയുമായി ചൈനക്കുള്ളത്. ചൈനയുടെ പ്രതിച്ഛായ മോശമാക്കുന്നതും ആഭ്യന്തര രാഷ്ട്രീയത്തിൽ ഇടപെടുന്നതും നാറ്റോ അവസാനിപ്പിക്കണം. യൂറോപ്പിലേതുപോലെ ഏഷ്യയിലും അരാജകത്വം സൃഷ്ടിക്കരുതെന്നും ലിൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.