ഉയ്ഗൂർ മുസ്ലിംകൾക്കെതിരെ ചൈന നടത്തിയത് വംശഹത്യയെന്ന് യു.എസ് കമീഷൻ
text_fields
വാഷിങ്ടൺ: സിൻജിയാങ്ങിലെ ഉയ്ഗൂറുകൾക്കും മറ്റു ന്യൂനപക്ഷങ്ങൾക്കുമെതിരെ ചൈന വംശഹത്യ നടത്തിയെന്ന് കുറ്റപ്പെടുത്തി യു.എസ് അന്വേഷണ കമീഷൻ. ഇപ്പോഴും അത് തുടരുന്നതിന് പുതിയ തെളിവുകൾ പുറത്തുവന്നതായും യു.എസ് കോൺഗ്രസിലെ ഇരു കക്ഷികളുടെയും സമിതിയായ കോൺഗ്രഷനൽ എക്സക്യൂട്ടീവ് കമീഷൻ ഓൺ ചൈന (സി.ഇ.സി.സി) പറയുന്നു.
തൊഴിൽ പരിശീലന കേന്ദ്രങ്ങളെന്ന പേരിൽ സിൻജിയാങ്ങിൽ വ്യാപകമായി സമുച്ചയങ്ങൾ സ്ഥാപിച്ച് മുസ്ലിംകളെ പീഡിപ്പിക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പുതിയ നൈപുണികൾ പരിശീലിപ്പിക്കാനെന്ന പേരിലാണ് ഇവ നിലകൊള്ളുന്നതെങ്കിലും കോൺസൻട്രേഷൻ ക്യാമ്പുകളാണിവയെന്ന് അന്വേഷണങ്ങൾ വ്യക്തമാക്കുന്നു.
ഒരു ദശലക്ഷം ഉയ്ഗൂർ മുസ്ലിംകളെയെങ്കിലും ഇവയിൽ പാർപ്പിച്ചതായി യു.എൻ പറയുന്നു. ഈ 'കോൺസൻട്രേഷൻ ക്യാമ്പുകൾ' കേന്ദ്രീകരിച്ച് നടക്കുന്നത് നരഹത്യയാണെന്നും യഥാർഥ വംശഹത്യയാണെന്നും സന്നദ്ധ സംഘടനകളും ആരോപിക്കുന്നു.
മേഖലയിൽ മനുഷ്യാവകാശങ്ങൾ അടിച്ചമർത്തുന്ന ചൈനീസ് നീക്കം ഞെട്ടിക്കുന്നതാണെന്ന് സി.ഇ.സി.സി സഹ അധ്യക്ഷനും ഡെമോക്രാറ്റ് പ്രതിനിധിയുമായ ജിം മക്ഗവേൺ പറഞ്ഞു.
വംശഹത്യയാണ് ചൈന നടത്തുന്നതെന്ന് അന്വേഷണങ്ങൾ സ്ഥിരീകരിച്ചാൽ യു.എൻ ഉപരോധമുൾപെെട സാധ്യതയുണ്ടെന്നാണ് സൂചന. കഴിഞ്ഞ ജൂണിൽ മൈക് പോംപിയോ ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്ന് റിപ്പോർട്ടുണ്ടായിരുന്നുവെങ്കിലും നടന്നിട്ടില്ല.
സിൻജിയാങ് മേഖലയിൽനിന്നുള്ള പരുത്തി, തക്കാളി ഉൽപന്നങ്ങൾക്ക് ഇതിെൻറ പേരിൽ യു.എസ് കഴിഞ്ഞ ദിവസം വിലക്കേർപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.