ചന്ദ്രനില്‍ പതാക നാട്ടുന്ന രണ്ടാമത്തെ രാജ്യമായി ചൈന
text_fieldsബെയ്ജിങ്: ബഹിരാകാശദൗത്യത്തിെൻറ ഭാഗമായി ചന്ദ്രനിൽ പതാക നാട്ടുന്ന രണ്ടാമത്തെ രാജ്യമായി ചൈന. ചൈനയുടെ ചാങ് ഇ-5 ബഹികാരാശ പേടകമാണ് ചന്ദ്രോപരിതലത്തിൽ ദേശീയ പതാക നാട്ടിയത്.
ഇതോടെ അമേരിക്കയ്ക്ക് ശേഷം ചന്ദ്രനിൽ കൊടിനാട്ടുന്ന രാജ്യമായി ചൈന മാറി. 1969ൽ അപ്പോളോ ദൗത്യത്തിലാണ് അമേരിക്ക ചന്ദ്രോപരിതലത്തിൽ പതാക നാട്ടി ചരിത്രം കുറിച്ചത്. ചന്ദ്രെൻറ ഉത്ഭവവും രൂപീകരണവും സംബന്ധിച്ച ആഴത്തിലുള്ള പഠനം ലക്ഷ്യമിട്ടുള്ള ചൈനീസ് ചാന്ദ്രദൗത്യത്തിെൻറ ഭാഗമായ ചാങ്ഇ-5 ബഹിരാകാശ പേടകം ചൊവ്വാഴ്ചയാണ് വിജയകരമായി ചന്ദ്രനിൽ ഇറങ്ങിയത്.
കൊടി നാട്ടിയതിന് പിന്നാലെ ചന്ദ്രനിൽ നിന്നുള്ള പാറയും മണ്ണും ശേഖരിച്ച് ചാങ്ഇ-5 പേടകം വ്യാഴാഴ്ച ഭൂമിയിലേക്ക് തിരിച്ചതായി ചൈന നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷൻ (സി.എസ്.എൻ.എ) അറിയിച്ചു. ചന്ദ്രോപരിതലത്തിൽ ചൈനീസ് പതാക സ്ഥാപിച്ച ചിത്രവും സി.എസ്.എൻ.എയാണ് പുറത്തുവിട്ടത്.
ഏകദേശം രണ്ട് കിലോ (4.4 പൗണ്ട്) പാറയും മണ്ണും ഭൂമിയിലെത്തിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. ദൗത്യം വിജയകരമായാൽ കഴിഞ്ഞ 40 വർഷത്തിനിടെ ചന്ദ്രോപരിതലത്തിലെ സാമ്പിളുകൾ ശേഖരിച്ച് തിരിച്ചെത്തുന്ന ആദ്യ രാജ്യമാകും ചൈന. 1960കൾക്കൊടുവിൽ അമേരിക്കയും അന്നത്തെ സോവിയറ്റ് യൂനിയനും ഈ ദൗത്യം പൂർത്തിയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.