ചൈന വിരമിക്കൽ പ്രായം ഉയർത്തുന്നു; മുക്കാൽ നൂറ്റാണ്ടിനിടെ ഇതാദ്യം
text_fieldsബീജിങ്: അതിവേഗം പ്രായമാകുന്ന ജനസംഖ്യയും പെൻഷൻ ധനക്കമ്മിയും ഉയർത്തുന്ന വെല്ലുവിളികൾ നേരിടുന്നതിന് രാജ്യത്തെ നിയമപരമായ വിരമിക്കൽ പ്രായം ഉയർത്താനുള്ള പദ്ധതിക്ക് അംഗീകാരം നൽകി ചൈനീസ് സർക്കാർ. 1950കൾക്ക് ശേഷം ഇതാദ്യമായാണ് ചൈന വിരമിക്കൽ പ്രായം ഉയർത്താൻ തീരുമാനിക്കുന്നത്. 2025 ജനുവരി1 മുതൽ ഇത് ഘട്ടം ഘട്ടമായി നടപ്പിലാക്കും. പുരുഷന്മാരുടെ വിരമിക്കൽ പ്രായം നേരത്തെയുള്ള 60ൽ നിന്ന് പടിപടിയായി ഉയർത്തി 2040ഓടെ 63ലെത്തിക്കും. വൈറ്റ് കോളർ ജോലിയിലുള്ള സ്ത്രീകളുടെ വിരമിക്കൽ പ്രായം 55 ൽ നിന്ന് 58 ലേക്കും ബ്ലൂ കോളർ ജോലിയിലുള്ള സ്ത്രീകളുടേത് 50ൽ നിന്ന് 55 ലേക്കും ഉയർത്താനാണ് തീരുമാനം. വിരമിച്ചവർക്ക്പണം നൽകാനില്ലാതെ പെൻഷൻ ബജറ്റിൽ കാര്യമായ ഇടിവു നിലനിൽക്കെയാണ് ഈ പരിഷ്കാരം.
ഇത് രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ വികസനത്തിന്റെ വേഗതയും ചൈതന്യവും നിലനിർത്തുമെന്ന് ചൈനയുടെ മാനവവിഭവശേഷി-സാമൂഹിക സുരക്ഷാ മന്ത്രി വാങ് സിയാവോപിംഗ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നയ നിർമാതാക്കളും വിദഗ്ധരും പതിറ്റാണ്ടുകളായി വിരമിക്കൽ പ്രായം മാറ്റണമെന്ന് ആവശ്യമുന്നയിച്ചുവരികയായിരുന്നു. ചൈനയിലെ ആയുർദൈർഘ്യം വളരെ കുറവും ജനനനിരക്ക് ഉയർന്നതുമായ ഒരു കാലഘട്ടത്തിലുള്ള മുൻ നിയമങ്ങൾ ചൂണ്ടിക്കാട്ടി തൽസ്ഥിതി നിലനിർത്തുന്നത് രാജ്യത്തെ തൊഴിലാളികളെയും പെൻഷൻ ഫണ്ടിനെയും സാരമായി ബാധിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി. നിലവിൽ ലോകത്തിലെ ഏറ്റവും കുറഞ്ഞ റിട്ടയർമെന്‍റ് പ്രായമുള്ള രാജ്യങ്ങളിലൊന്നായ ചൈന, പെൻഷനുകളുടെ വിനിയോഗത്തിൽ കാര്യമായ ധനക്കമ്മി നേരിടുകയാണ്. പ്രായമായ തൊഴിലാളികൾക്ക് കൂടുതൽ വർഷം ജോലിയിൽ തുടരാൻ അനുവദിക്കുന്നതിലൂടെ പെൻഷൻ നൽകൽ വൈകിപ്പിക്കാം.
2012 മുതൽ ചൈനയിലെ ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യ കുറയുന്നുവെന്നാണ് ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പറയുന്നത്. 3 ദശലക്ഷത്തിലധികം ആളുകളാണ് വർഷത്തിൽ കുറയുന്നത്. എന്നാൽ, പുതിയ നിർദേശത്തിന് മുതിർന്ന തൊഴിലാളികളിൽനിന്നും ചെറുപ്പക്കാരിൽനിന്നും വലിയ എതിർപ്പ് നേരിടേണ്ടി വരുന്നുണ്ട്. വിപുലീകരിച്ച തൊഴിൽ ശക്തി ജോലികൾക്കായുള്ള കടുത്ത മത്സരമുണ്ടാക്കുമെന്നാണ് അവരുയർത്തുന്ന ആശങ്ക. വിരമിക്കൽ പ്രായം ഉയർത്തുമെന്ന് സർക്കാർ മുമ്പ് വാഗ്ദ്ധാനം ചെയ്‌തിരുന്നുവെങ്കിലും ജനങ്ങളുടെ പ്രതിഷേധത്തിന് മുന്നിൽ പിന്മാറുകയായിരുന്നു.
സർക്കാറിന്റെ മോശം സമയമാണിതെന്നും കൊറോണ വൈറസ് മഹാമാരിയിൽനിന്ന് കരകയറാൻ ചൈനയുടെ സമ്പദ്‌വ്യവസ്ഥ ഇപ്പോഴും പാടുപെടുകയാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. യുവാക്കളുടെ തൊഴിലില്ലായ്മ ഉയർന്ന നിലയിൽ തുടരുന്നു. പ്രാദേശിക സർക്കാരുകൾ സമീപ വർഷങ്ങളിൽ പെൻഷനുകളും മറ്റ് സർക്കാർ ആനുകൂല്യങ്ങളും വെട്ടിക്കുറച്ചിട്ടുണ്ട്. ഇതിനെതിരെ പലപ്പോഴും പ്രതിഷേധം ഉയരുന്നുണ്ട്. എന്നാൽ, നയമാറ്റത്തിന് ഇനി സമയമില്ലെന്ന് സർക്കാർ മനസ്സിലാക്കിയിരിക്കാമെന്നാണ് സിംഗപ്പൂർ നാഷണൽ യൂനജവേഴ്‌സിറ്റിയിലെ പബ്ലിക് പോളിസി പ്രഫസർ ആൽഫ്രഡ് വു പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.