തായ്വാൻ പ്രസിഡന്റ് യു.എസിൽ; മുന്നറിയിപ്പുമായി ചൈന
text_fieldsവാഷിങ്ടൺ: ചൈന-യു.എസ് പിരിമുറുക്കം തുടരുന്നതിനിടെ തായ്വാൻ പ്രസിഡന്റ് സായ് ഇങ് വെൻ അമേരിക്ക സന്ദർശിച്ചു. മധ്യ അമേരിക്കൻ രാജ്യങ്ങളായ ഗ്വാട്ടമാല, ബെലീസ് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കിടെയാണ് അവർ അനൗദ്യോഗിക സന്ദർശന ഭാഗമായി യു.എസിലെത്തിയത്.
യു.എസ് ഹൗസ് സ്പീക്കർ കെവിൽ മക്കാർത്തിയുമായി ശനിയാഴ്ച അവർ കൂടിക്കാഴ്ച നടത്തുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. മക്കാർത്തിയുമായി കൂടിക്കാഴ്ച നടത്തുന്നതിനെതിരെ ചൈന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം യു.എസ് ഹൗസ് സ്പീക്കർ നാൻസി പെലോസി തായ്വാൻ സന്ദർശിച്ചപ്പോൾ ദ്വീപിനടുത്ത് വൻ സൈനികാഭ്യാസം നടത്തിയാണ് ചൈന പ്രതികരിച്ചത്. മക്കാർത്തിയും തായ്വാൻ സന്ദർശനം ആസൂത്രണം ചെയ്യുന്നതായി അഭ്യൂഹമുണ്ടായിരുന്നു.
ചൈനയുമായുള്ള പിരിമുറുക്കം ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ സർക്കാർ സന്ദർശനം ഔദ്യോഗികമല്ലെന്ന് വ്യക്തമാക്കി. അസാധാരണമായി ഒന്നുമില്ലെന്നും നേരത്തെ ആറു തവണ സായ് ഇത്തരത്തിൽ യാത്രക്കിടെ യു.എസിൽ ഇറങ്ങിയിട്ടുണ്ടെന്നും മുമ്പും തായ്വാൻ പ്രസിഡന്റുമാർ ഇങ്ങനെ ചെയ്തിട്ടുണ്ടെന്നും ദേശീയ സുരക്ഷ വക്താവ് ജോൺ കിർബി വാർത്തസമ്മേളനത്തിൽ പറഞ്ഞു. തായ്വാനെ തങ്ങളുടെ ഭാഗമായാണ് ചൈന കണക്കാക്കുന്നത്. തയ്വാനും മറ്റ് രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളോട് ചൈനക്ക് കടുത്ത എതിർപ്പാണ്.
13 രാജ്യങ്ങൾ മാത്രമാണ് തായ്വാനുമായി നയതന്ത്രബന്ധം പുലർത്തുന്നത്. അതിനിടെ മുൻ തായ്വാൻ പ്രസിഡന്റും പ്രധാന പ്രതിപക്ഷ നേതാവുമായ മി യിങ് ജിയോ ബുധനാഴ്ച ചൈന സന്ദർശിച്ചു. മുൻ തായ്വാൻ നേതാവിന്റെ ആദ്യ ചൈന സന്ദർശനമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.