ചൈനയിൽ കുരങ്ങുകളിൽനിന്ന് പടരുന്ന മങ്കി ബി വൈറസ്; ഒരു മരണം സ്ഥിരീകരിച്ചു
text_fieldsബെയ്ജിങ്: ലോകം കോവിഡ് 19ന്‍റെ പിടിയിൽ ഞെരുങ്ങുേമ്പാൾ ചൈനയിൽനിന്ന് പുറത്തുവരുന്നത് പുതിയ വൈറസ് ബാധയുടെ റിപ്പോർട്ടുകൾ. ചൈനയിൽ മങ്കി ബി വൈറസ് സ്ഥിരീകരിക്കുകയും ഒരു മരണം സ്ഥിരീകരിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.
മൃഗങ്ങളുമായി നിരന്തരം സമ്പർക്കം പുലർത്തുന്ന വെറ്ററിനറി സർജനാണ് രോഗം സ്ഥിരീകരിച്ചത്. ഈ വൈറസ് സ്ഥിരീകരിച്ച് രണ്ടു മൃഗങ്ങൾ ചത്തതിന് പിന്നാലെയാണ് മനുഷ്യരിലും കണ്ടെത്തിയത്. നിരവധി ആശുപത്രികളിലെ ചികിത്സക്ക് ശേഷം മേയ് മാസത്തിൽ സർജൻ മരിച്ചിരുന്നു. ഈ വർഷം മാർച്ചിലാണ് മങ്കി ബി വൈറസ് റിപ്പോർട്ട് ചെയ്തതെന്ന് ചൈനീസ് സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു.
രോഗിയുടെ സെറിബ്രോസ്പൈനൽ ദ്രാവക പരിശോധനയിൽ സർജന് ആൽഫഹെർപസ് വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. ബ്ലിസ്റ്റർ ഫ്ലൂയിഡ്, രക്തം, മൂക്കിലെ സ്രവം, തൊണ്ടയിലെ സ്രവം, പ്ലാസ്മ തുടങ്ങിയവ രോഗിയിൽനിന്ന് ശേഖരിച്ചിരുന്നു. സാമ്പിളുകൾ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വൈറൽ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിലേക്ക് അയക്കുകയും അവിടെ നടത്തിയ പരിശോധനയിൽ മങ്കി ബി വൈറസ് കണ്ടെത്തുകയുമായിരുന്നു.
കുരങ്ങുകളിൽ പടർന്നുപിടിക്കുന്ന വൈറസാണ് മങ്കി ബി വൈറസ്. മനുഷ്യരിൽ അപൂർവങ്ങളിൽ അപൂർവമായി മാത്രമാണ് ഈ വൈറസ് പടർന്നുപിടിക്കുന്നത്. 1932ലാണ് ഈ വൈറസ് സ്ഥിരീകരിച്ചതെന്ന് യു.എസ് സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ പറയുന്നു. 1932 ൽ രോഗം സ്ഥരീകരിച്ച 50 പേരും കുരങ്ങുകളുമായി സമ്പർക്കം പുലർത്തിയിരുന്നു. കുരങ്ങൻ മാന്തുകയോ കടിക്കുകയോ ചെയ്തവരാണ് ഇവർ. ഇതിൽ 21 പേർ മരണത്തിന് കീഴടങ്ങിയിരുന്നു.
രോഗം സ്ഥിരീകരിച്ച ചൈനീസ് സർജനിൽനിന്ന് മറ്റുള്ളവരിലേക്ക് രോഗം പടർന്നെന്ന റിപ്പോർട്ടുകളില്ല. ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയവരിൽ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നു.
കൊറോണ വൈറസിനോട് സമാനമായ ലക്ഷണങ്ങളാണ് മങ്കി ബി വൈറസിനും. പകർച്ചപ്പനിക്കുണ്ടാകുന്ന ലക്ഷണങ്ങളായ പനി, കുളിര്, സന്ധി വേദന, തളർച്ച, തലവേദന തുടങ്ങിയവയാണ് ഇൗ രോഗത്തിന്‍റെയും ആദ്യ ലക്ഷണങ്ങൾ. പിന്നീട് ശ്വാസതടസ്സം, ഛർദി, വയറുവേദന തുടങ്ങിയവയും അനുഭവപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.