അഫ്ഗാൻ ജനതയുടെ താൽപര്യത്തെയും തെരഞ്ഞെടുപ്പിനെയും ബഹുമാനിക്കുന്നു -ചൈന
text_fieldsബെയ്ജിങ്: അഫ്ഗാനിസ്താനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിനെ സ്വാഗതം ചെയ്യുന്ന പ്രസ്താവനയുമായി ചൈന. അഫ്ഗാനിലെ സാഹചര്യങ്ങൾ വലിയ മാറ്റത്തിന് വിധേയമായിരിക്കുന്നുവെന്നും അഫ്ഗാൻ ജനതയുടെ താൽപര്യത്തെയും തെരഞ്ഞെടുപ്പിനെയും ബഹുമാനിക്കുന്നുവെന്നും ചൈനീസ് വിദേശകാര്യ വക്താവ് ട്വീറ്റ് ചെയ്തു.
40ലേറെ വർഷമായി യുദ്ധമുഖത്താണ് അഫ്ഗാനിസ്താൻ. യുദ്ധം അവസാനിപ്പിച്ച് സമാധാനം കൊണ്ടുവരികയെന്നത് 30 ദശലക്ഷം അഫ്ഗാനികളുടെയും അന്താരാഷ്ട്ര സമൂഹത്തിന്‍റെയും മേഖലയിലെ രാജ്യങ്ങളുടെയും പൊതുതാൽപര്യമായിരുന്നു. അഫ്ഗാനിലെ യുദ്ധം അവസാനിച്ചുവെന്നും തുറന്നതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു ഇസ്ലാമിക് സർക്കാർ രൂപീകരിക്കാനും പൗരന്മാരുടെയും വിദേശ ദൗത്യങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്താനും ഉത്തരവാദിത്തത്തോടെയുള്ള നടപടികൾ കൈക്കൊള്ളുമെന്ന താലിബാന്‍റെ പ്രസ്താവന ശ്രദ്ധയിൽപെട്ടു.
അഫ്ഗാനിസ്താന്‍റെ സുഗമമായ പരിവർത്തനം ഉറപ്പാക്കുന്നതിനും തീവ്രവാദവും കുറ്റകൃത്യങ്ങളും തടയുന്നതിനും യുദ്ധത്തിൽ നിന്ന് വിട്ടുനിൽക്കുന്നതിനും മാതൃദേശത്തെ പുനർനിർമിക്കുന്നതിനും ഈ പ്രസ്താവന യാഥാർഥ്യമാകട്ടെയെന്ന് ചൈന ആഗ്രഹിക്കുന്നു -വിദേശകാര്യ വക്താവ് ട്വീറ്റിൽ പറഞ്ഞു.
താലിബാനുമായി സൗഹൃദ ബന്ധത്തിന് തയാറെന്ന് ചൈന നേരത്തെ വ്യക്തമാക്കിയിരുന്നു. അഫ്ഗാൻ ജനതയുടെ സ്വയംനിർണയാധികാരത്തെ മാനിക്കുന്നുവെന്നും അവരുമായും സൗഹാർദപൂർണമായ ബന്ധം സ്ഥാപിക്കാൻ തയാറാണെന്നുമാണ് ചൈനീസ് വിദേശ കാര്യ വക്താവ് ഹുവ ചുൻയിങ് പ്രസ്താവിച്ചിരുന്നത്.
താലിബാന്‍ കാബൂളിലെത്തുന്നതിന് മുമ്പ് തന്നെ ചൈനയുമായി ചർച്ചകൾ നടത്തിയതിന്‍റെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. റഷ്യ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയും അന്താരാഷ്ട്ര തലത്തിൽ താലിബാന് ലഭിക്കുമെന്നാണ് നിരീക്ഷകർ കരുതുന്നത്. അതേസമയം, കടുത്ത ഭീകര പ്രതിഛായയുള്ള താലിബാൻ ഒൗദ്യോഗികമായി അധികാരമേറുന്നതിന് മുമ്പ് തന്നെ ചൈന പിന്തുണ വാഗ്ദാനം ചെയ്തത് ലോകരാജ്യങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. അഫ്ഗാനുമായി 76 കിലോമീറ്ററോളം അതിർത്തി പങ്കിടുന്ന രാജ്യമാണ് ചൈന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.