തായ്‍വാന് ചുറ്റും 71 യുദ്ധ വിമാനങ്ങളും 9 യുദ്ധക്കപ്പലുകളും ;മൂന്നാം ദിവസവും സൈനികാഭ്യാസം തുടർന്ന് ചൈന
text_fieldsതായ്‌പേയ് സിറ്റി : തങ്ങളുടെതെന്ന് ചൈന അവകാശപ്പെടുന്ന സമുദ്രാതിർത്തിക്കുള്ളിലേക്ക് യു.എസിന്റെ നാവിക കപ്പൽ എത്തിയതിനു പിന്നാലെ തായ്‍വാനെ എങ്ങനെയാണ് അടച്ചുപൂട്ടുകയെന്നതിന് സൂചന നൽകി ചൈന. ചൈനീസ് യുദ്ധ വിമാനങ്ങളും യുദ്ധക്കപ്പലുകളും തായ്വാനു ചുറ്റും വിന്യസിച്ചുകൊണ്ടണ് ചൈന പ്രതികരിച്ചത്.
തായ്‍വാൻ പ്രസിഡന്റ് സായ് ഇങ്-വെൻ കഴിഞ്ഞ ആഴ്ച യു.എസ് ഹൗസ് സ്പീക്കർ കെവിൻ മെക്കാർത്തിയുമായി കൂടിക്കാഴ്ച നടത്തിയതാണ് ചൈനയെ പ്രകോപിപ്പിച്ചത്. തായ്‍വാനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളുടെ മാതൃകാഭ്യാസം രണ്ടു ദിവസമായി ചൈന സംഘടിപ്പിക്കുന്നുണ്ട്.
ചൈനയോട് സംയമനം പാലിക്കാൻ ആവർത്തിക്കുന്ന യു.എസ് തിങ്കളാഴ്ച മിസൈൽ വേധ യുദ്ധക്കപ്പൽ സൗത് ചൈന കടലിലേക്ക് അയച്ചു. കടൽ നിയമങ്ങൾ ഈ നാവിഗേഷനുള്ള അവകാശം നൽകുന്നുണ്ടെന്ന് യു.എസ് വ്യക്തമാക്കി. എന്നാൽ യു.എസിന്റെ പ്രവർത്തി ചൈനയെ കൂടുതൽ പ്രകോപിപ്പിക്കുകയാണ് ചെയ്തത്. തങ്ങളുടെ സമുദ്രാതിർത്തിയിലേക്ക് യു.എസ് കപ്പൽ അനധികൃതമായി കടന്നുവെന്നാണ് ചൈനയുടെ ആരോപണം.
തുടർന്നാണ് തായ്‍വാനെ അടച്ചുപൂട്ടാൻ ഒരുക്കമാണെന്നതിന്റെ സൂചന നൽകി ചൈന സൈനികാഭ്യാസം സംഘടിപ്പിച്ചത്. ആയുധങ്ങളുമായുള്ള എച്ച് 6 കെ വിമാനങ്ങൾ തായ്‌വാൻ തകർക്കാനുള്ള പരിശീലനങ്ങൾ നടത്തുന്നുവെന്ന് ചൈനീസ് സൈന്യത്തിന്റെ കിഴക്കൻ തീയേറ്റർ കമാൻഡ് അറിയിച്ചു . ഷദോങ് വിമാനവാഹിനി കപ്പലുകളും ഓപ്പറേഷന്റെ ഭാഗമായുണ്ട്.
ചൈനയുടെ 71 പോർവിമാനങ്ങൾ തായ്വാനുമായുള്ള സമുദ്രാതിർത്തി ലംഘിച്ചുവെന്നും തിങ്കളാഴ്ച ചൈനീസ് യുദ്ധക്കപ്പലുകൾ ദ്വീപിന് ചുറ്റും കണ്ടതായും തായ്വാന് പ്രതിരോധമന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.