തായ്‍വാൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചാൽ യുദ്ധമെന്ന് ചൈന
text_fieldsബെയ്ജിങ്: സ്വയംഭരണ രാജ്യമായ തായ്‍വാൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചാൽ യുദ്ധമാകും അനന്തരഫലമെന്ന മുന്നറിയിപ്പുമായി ചൈന. സിംഗപ്പൂരിൽ നടക്കുന്ന ഏഷ്യ സുരക്ഷ ഉച്ചകോടിയിൽ യു.എസ് പ്രതിരോധമന്ത്രി ലോയ്ഡ് ഓസ്റ്റിനുമായി ചർച്ചയിലാണ് ചൈനീസ് മന്ത്രി വെയ് ഫെംഗിയുടെ ഭീഷണി. ചൈനയുടെ ഭാഗമാണ് തായ്‍വാനെന്നും വേറിട്ടുപോയാൽ സൈനിക നടപടിക്ക് നിർബന്ധിതമാകുമെന്നും വെയ് പറഞ്ഞു. അതേസമയം, ചൈന നേരിട്ട് ഭരണം നടത്താത്ത തായ്‍വാനിൽ അനാവശ്യ ഇടപെടൽ പ്രകോപനമാണെന്നും അസ്ഥിരപ്പെടുത്താനുള്ള നീക്കമാണെന്നും ഓസ്റ്റിൻ പ്രതികരിച്ചു.
1940കളിലെ ആഭ്യന്തര യുദ്ധത്തിനിടെ ചൈനയിൽനിന്ന് വേറിട്ടുപോന്ന രാജ്യമാണ് തായ്‍വാൻ. സ്വന്തമായി ഭരണഘടനയും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന ഭരണകൂടവുമുള്ള രാജ്യത്തിന് മൂന്നുലക്ഷത്തോളം വരുന്ന സ്വന്തം സേനയുമുണ്ട്. രാജ്യത്തിന്റെ സ്വയംഭരണം പക്ഷേ, അംഗീകരിക്കുന്ന രാജ്യങ്ങൾ കുറവാണ്. പകരം ചൈനയുടെ ഭാഗമായാണ് കാണുന്നത്. തായ്‍വാന് യു.എസ് ആയുധം നൽകിയതുൾപ്പെടെ നടപടികൾ മേഖലയിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. തായ്‍വാൻ തങ്ങളുടെ ഭാഗമാണെന്ന ചൈനയുടെ വാദം യു.എസ് അംഗീകരിക്കുന്നില്ല.
തായ്‍വാൻ പക്ഷേ, ചൈനയുമായി സഹകരണത്തിന് തയാറാണെന്നും പരമാധികാരം കൈമാറാനില്ലെന്നുമുള്ള നിലപാടിലാണ്. ആധിപത്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി നിരന്തരം യുദ്ധവിമാനങ്ങൾ പറത്തിയും പരിസരത്ത് സൈനിക വിന്യാസം നടത്തിയും ചൈന ശക്തി കാണിക്കുമ്പോൾ മറുവശത്ത്, യു.എസും രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.