ചൈനയിൽ കോവിഡ് നിയന്ത്രണങ്ങളിൽ നേരിയ ഇളവ്
text_fieldsബെയ്ജിങ്: കടുത്ത പ്രതിഷേധത്തെതുടർന്ന് നിരവധി നഗരങ്ങളിലെ കർശന കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ചൈന. വ്യാഴാഴ്ച ബെയ്ജിങ്ങിലും ഷാങ്ഹായിലും മറ്റ് നിരവധി നഗരങ്ങളിലും സുരക്ഷയും ശക്തമാക്കി. കഴിഞ്ഞ ദിവസം വിടപറഞ്ഞ മുൻ പ്രസിഡന്റ് ജിയാങ് സെമിന്റെ അടുത്ത ആഴ്ച നടക്കാനിരിക്കുന്ന സംസ്കാര ചടങ്ങുകൾക്ക് ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാർട്ടി ഒരുങ്ങുന്നതിനിടെയാണിത്.
പ്രതിഷേധം ഒഴിവാക്കാൻ വ്യാഴാഴ്ച പൊലീസ് തെരുവുകളിൽ പട്രോളിങ് നടത്തി. കനത്ത പൊലീസ് സന്നാഹമുള്ളതിനാൽ വ്യാഴാഴ്ച ഒരിടത്തും പ്രതിഷേധത്തിന്റെ സൂചനകളുണ്ടായിരുന്നില്ല. വ്യാവസായിക കേന്ദ്രമായ ഗ്വാങ്‌ഷോ ചില പ്രദേശങ്ങളിലെ താൽക്കാലിക നിയന്ത്രണങ്ങൾ നീക്കുകയും അടുത്ത സമ്പർക്കമുള്ളവരെ താൽക്കാലിക ഷെൽട്ടറുകൾക്ക് പകരം വീട്ടിൽ തന്നെ ക്വാറന്റൈന് അനുവദിക്കുകയും ചെയ്തു.
ബെയ്ജിങ്, ഷിജിയാഷുവാങ്, തായുവാൻ എന്നിവിടങ്ങളിലും ഇളവ് പ്രഖ്യാപിച്ചു. വ്യാഴാഴ്ച 24 മണിക്കൂറിനിടെ 36,061 പുതിയ കോവിഡ് വൈറസ് കേസുകളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തത്. രോഗലക്ഷണങ്ങളില്ലാത്ത 31,911 കേസുകൾ ഉൾപ്പെടുന്നു. ബുധനാഴ്ച അന്തരിച്ച ജിയാങ് സെമിന്റെ സംസ്കാരത്തിന് ചൈനീസ് പാരമ്പര്യത്തിന് അനുസൃതമായി വിദേശ പ്രമുഖരെ ക്ഷണിക്കില്ലെന്നും പാർട്ടി അറിയിച്ചു.
സംസ്കാരത്തിന് തീയതി നിശ്ചയിക്കുകയോ കോവിഡ് നിയന്ത്രണങ്ങൾ എങ്ങനെയായിരിക്കുമെന്നോ വ്യക്തമാക്കിയിട്ടില്ല. ക്വാറന്റീനുകൾ ചുരുക്കിയും മറ്റ് മാറ്റങ്ങൾ വരുത്തിയും സീറോ കോവിഡ് തന്ത്രത്തിന്റെ ബുദ്ധിമുട്ട് കുറക്കുമെന്ന് സർക്കാർ വാഗ്ദാനം നൽകിയിട്ടുണ്ട്. എന്നാൽ സ്കൂളുകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിടുന്നതും മറ്റിടങ്ങളിലേക്കുള്ള യാത്രവിലക്ക് നിലനിർത്തുന്നതും തുടരുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.