വിമാനത്തിന്റെ എൻജിനു നേർക്ക് യാത്രക്കാരൻ നാണയങ്ങൾ എറിഞ്ഞു; യാത്ര തടസ്സപ്പെട്ടത് നാലുമണിക്കൂർ
text_fieldsബെയ്ജിങ്: ചൈന സതേൺ എയർലൈൻസിന്റെ സി.ഇസഡ് 8805 വിമാനത്തിന്റെ എൻജിനു നേരെ യാത്രക്കാരിലൊരാൾ നാണയങ്ങൾ തുരുതുരാ എറിഞ്ഞു. തുടർന്ന് നാലുമണിക്കൂറോളം വിമാനയാത്ര തടസ്സപ്പെട്ടു. തെക്കൻ ചൈനയിലെ സാന്യയിൽ നിന്ന് ബെയ്ജിങ്ങിലേക്ക് പോവുകയായിരുന്നു വിമാനം. മാർച്ച് ആറിനാണ് സംഭവം. യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മാർച്ച് ആറിന് പ്രാദേശിക സമയം 10 മണിക്കായിരുന്നു വിമാനം പുറപ്പെടാൻ ഷെഡ്യൂൾ ചെയ്തത്. സംഭവത്തെ തുടർന്ന് ഉച്ചക്ക് 2.26നാണ് വിമാനം പുറപ്പെട്ടത്.
യാത്രക്കാരൻ എൻജിനു നേർക്ക് നാണയങ്ങളെറിയുന്നത് ഫ്ലൈറ്റ് ജീവനക്കാരനാണ് കണ്ടത്. ഇതെ കുറിച്ചു ചോദിച്ചപ്പോൾ നാലോ അഞ്ചോ നാണയങ്ങൾ എറിഞ്ഞുവെന്നാണ് യാത്രക്കാരൻ പറഞ്ഞത്. ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
യാത്രക്കാരന്റെ അനുചിതമായ പെരുമാറ്റം മൂലം സുരക്ഷ ഉറപ്പാക്കാനാണ് വിമാനത്തിൽ പരിശോധന നടത്തിയതെന്നും എൻജിനിലേക്ക് നാണയങ്ങൾ എറിയുന്നത് വിമാനത്തിന്റെ യാത്രയെ ഗുരുതരമായി ബാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഇതാദ്യമായല്ല ചൈനീസ് എയർലൈൻസ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നത്. ശുഭയാത്രയുടെ സൂചകമായി മുമ്പും ഇതേ രീതിയിൽ യാത്രക്കാർ വിമാനത്തിന്റെ എൻജിനു നേർക്ക് നാണയങ്ങൾ എറിഞ്ഞിട്ടുണ്ട്. 2021ലും 2017ലും സമാനരീതിയിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.