മഹിന്ദ രാജപക്സയുടെ രാജി: ഒന്നും മിണ്ടാതെ ചൈന
text_fieldsബെയ്ജിങ്: ശ്രീലങ്കയിലെ കലുഷിത രാഷ്ട്രീയ സംഭവവികാസങ്ങളിൽ പ്രതികരിക്കാതെ ചൈന. മഹിന്ദ രാജപക്സ പ്രധാനമന്ത്രി പദവി രാജിവെച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് നിശ്ശബ്ദത പാലിച്ച ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഴാവോ ലിജിയാൻ ലങ്കയിലെ പ്രതിസന്ധി നേരിടാൻ ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഒരുമിക്കണമെന്ന് ആഹ്വാനം ചെയ്തു. ശ്രീലങ്കയിലെ സംഭവവികാസങ്ങൾ നിരീക്ഷിച്ചുവരുകയാണ്.
സ്വന്തം രാജ്യത്തിന്റെ താൽപര്യം മുൻ നിർത്തി ഭരണ-പ്രതിപക്ഷങ്ങൾ പ്രതിസന്ധി പരിഹരിക്കാൻ മുൻകൈയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. എല്ലാകാലത്തും ചൈനയുടെ വിശ്വസ്തനായിരുന്നു മഹിന്ദ രാജപക്സ. ചൈനീസ് നിക്ഷേപങ്ങൾക്ക് രാജ്യത്ത് അനുമതി നൽകിയ നേതാവാണ് അദ്ദേഹം. ഇക്കാര്യത്തിൽ ഇന്ത്യയുടെ ആശങ്കയും രാജപക്സ കണക്കിലെടുത്തിരുന്നില്ല. രാജ്യത്തെ പ്രമുഖ തുറമുഖമായ ഹമ്പൻടോട്ട ചൈനക്ക് പാട്ടത്തിനു നൽകാനുള്ള ചർച്ചകൾ തുടങ്ങിയത് മഹിന്ദയുടെ കാലത്താണ്.ചൈനയുടെ കടക്കെണിയിൽ പൊതിഞ്ഞ നയതന്ത്രം ശ്രീലങ്കയെ പാപ്പരാക്കുമെന്ന് യു.എസ് മുന്നറിയിപ്പു നൽകിയിരുന്നു.
പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഭരണകക്ഷിയിലെ വിമതരുമായും മുഖ്യ പ്രതിപക്ഷവുമായും ലങ്കൻ പ്രസിഡന്റ് ഗോടബയ രാജപക്സ ചർച്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.