ഭൂട്ടാനിൽ ചൈനീസ് കൈയേറ്റം
text_fieldsന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി രാജ്യമായ ഭൂട്ടാനിൽ ചൈനീസ് കൈയേറ്റം. ഭൂട്ടാനിൽ ചൈന നിർമിച്ച 166 കെട്ടിടങ്ങളുടെ വ്യക്തതയാർന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നതാണ് കടന്നുകയറ്റം സ്ഥിരീകരിക്കുന്നത്. ചൈനയെ ഒരു വിധത്തിലും സായുധമായി നേരിടാൻ കെൽപില്ലാത്ത ഭൂട്ടാൻ, രാജ്യസുരക്ഷക്ക് പൂർണമായും ആശ്രയിക്കുന്നത് ഇന്ത്യയെയാണ്.
2017ൽ ഇന്ത്യയും ചൈനയും തമ്മിൽ 70 ദിവസത്തിലേറെ നീണ്ട അതിർത്തി സംഘർഷത്തിനു കാരണമായ ദോക് ലാം മുക്കവല (ഇന്ത്യ-ചൈന-ഭൂട്ടാൻ അതിർത്തി പ്രദേശം) യിൽനിന്ന് 30 കി.മീറ്റർ ദൂരത്തിനകത്താണ് ഭൂട്ടാനിൽ ചൈനയുടെ പുതിയ നിർമാണം. ദോ ക്ലാമിൽ ചൈനയുടെ റോഡ് നിർമാണം ഇന്ത്യൻ സൈന്യം തടഞ്ഞതിനെ തുടർന്ന് ഇവിടെ നിന്ന് ഒമ്പതു കിലോമീറ്റർ മാറി ചൈന മറ്റൊരു റോഡ് നിർമിക്കാൻ തുടങ്ങിയതിന്റെ ഉപഗ്രഹ ചിത്രങ്ങൾ 2020 നവംബറിൽ പുറത്ത് വന്നിരുന്നു.
നിർമാണം കഴിഞ്ഞതും നിർമാണത്തിലിരിക്കുന്നതുമായ വിവിധ തരം കെട്ടിടങ്ങളുടെയും പുതിയ പാതകളുടേയും ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. മണ്ണ് മാന്തി യന്ത്രമടക്കം നിർമാണ സാമഗ്രികളും ദേശീയ ടെലിവിഷൻ ചാനലായ എൻ.ഡി.ടി.വിക്ക് ലഭിച്ച ഉപഗ്രഹ ചിത്രങ്ങളിൽ വ്യക്തമാണ്. സൈനിക വിന്യാസമാണോ അതോ കടന്നുകയറ്റമാണോ ചൈന ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് വ്യക്തമായിട്ടില്ല. നാല് പതിറ്റാണ്ടായി അതിർത്തി തർക്കം നിലനിൽക്കുന്ന രാജ്യങ്ങളാണ് ചൈനയും ഭൂട്ടാനും. ഇരു രാജ്യങ്ങളും തമ്മിലെ ചർച്ചയുടെ ഫലങ്ങൾ പുറത്തു വരാറില്ലെങ്കിലും ഭൂട്ടാൻ, അവരുടെ ഒരിഞ്ച് ഭൂമി പോലും ചൈനക്ക് ഇതുവരെ വിട്ടുകൊടുത്തിട്ടുമില്ല. അതേ സമയം ഇന്ത്യയുടെ ഉറ്റ സൗഹൃദ രാജ്യമാണ് ഭൂട്ടാൻ. അവരുടെ വിദേശനയം തീരുമാനിക്കുന്നതിൽപോലും ഇന്ത്യക്ക് നിർണായക പങ്കുണ്ട്.
അതിർത്തി തർക്കമുള്ള രാജ്യങ്ങളിലെല്ലാം കടന്നു കയറി നിർമാണം നടത്തുന്ന രീതി ഏറെ നാളായി പിന്തുടരുന്ന രാജ്യമാണ് ചൈന. ചൈനയുടെ ഈ രീതിയിലുള്ള കടന്നുകയറ്റത്തെ 'സലാമി സ്ലൈസിങ്' (ഇറച്ചി വിഭവത്തിൽനിന്ന് കുറേശ്ശെയായി മാംസം അരിഞ്ഞെടുക്കൽ) എന്നാണ് അടുത്തിടെ ഹെലികോപ്ടർ അപകടത്തിൽ മരിച്ച സംയുക്തസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഒരിക്കൽ വിശേഷിപ്പിച്ചത്.കിഴക്കൻ ലഡാക്കിൽ ചൈന കടന്നുകയറ്റത്തിന് ശ്രമിച്ചതിനെ തുടർന്ന് ഇന്ത്യയുമായുണ്ടായ സംഘർഷം നീണ്ടത് രണ്ടു വർഷത്തിലേറെയാണ്. അടുത്തിടെ ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ പ്രദേശിലും ചൈന അനധികൃത നിർമാണം നടത്തിയിരുന്നു. ഇന്ത്യൻ സൈന്യം നേരിട്ട് പട്രോളിങ് നടത്താത്ത സ്ഥലത്തായിരുന്നു ചൈനയുടെ കടന്നുകയറ്റം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.