ഒമിക്രോൺ: വിദേശ പാക്കേജുകൾ തുറക്കുന്നതിൽ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ചൈന
text_fieldsഷാങ്ഹായ്: വിദേശ പാക്കേജുകൾ തുറക്കുമ്പോൾ മാസ്കും കൈയ്യുറയും നിർബന്ധമായി ധരിക്കാന്‍ ജനങ്ങളോട് അഭ്യർഥിച്ച് ചൈനീസ് ഭരണകൂടം. കാനഡയിൽ നിന്നെത്തിയ പാക്കേജ് വഴിയാകാം ആദ്യ ഒമിക്രോൺ കേസ് ബൈജിങ്ങിൽ സ്ഥിരീകരിച്ചതെന്ന അധികൃതരുടെ നിഗമനത്തിന് പിന്നാലെയാണ് ഇത്തരമൊരു അറിയിപ്പ്. മൂന്നാഴ്ചയ്ക്ക് ശേഷം നടക്കുന്ന വിന്റർ ഒളിമ്പിക്സിന് വേണ്ടി തലസ്ഥാനം തുറക്കുന്നതിന് മുന്നോടിയായിട്ടാണ് മുൻകരുതലുകൾ പ്രഖ്യാപിക്കുന്നത്.
ചൈനയിൽ എത്തിയതിന് ശേഷം വിദേശ പാക്കേജുകൾ അണുവിമുക്തമാക്കണമെന്നും പാക്കേജുകൾ കൈകാര്യം ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്യുന്ന തപാൽ ജീവനക്കാർക്ക് രണ്ട് ഡോസ് വാക്സിനേഷനും ബൂസ്റ്ററും ഉറപ്പുവരുത്തണമെന്നും തിങ്കളാഴ്ചത്തെ അറിയിപ്പിൽ സ്റ്റേറ്റ് പോസ്റ്റ് ബ്യൂറോ പറഞ്ഞു. പാഴ്സലുകളിൽ ഒട്ടിച്ച സ്റ്റിക്കറുകൾ വരെ അണുവിമുക്തമാക്കാൻ ശ്രദ്ധിക്കണമെന്ന് അറിയിപ്പിൽ പരാമർശിക്കുന്നുണ്ട്. സമാനമായി വിദേശത്ത് നിന്നുള്ള പാക്കേജുകൾ അടക്കമുള്ള പാഴ്സലുകൾ സ്വീകരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഔദ്യോഗിക വീചാറ്റ് അക്കൗണ്ടിലൂടെ ചൈനീസ് നാഷണൽ ഹെൽത്ത് കമീഷൻ നിർദ്ദേശങ്ങൾ നൽകി. ആദ്യ ഒമിക്രോൺ സ്ഥിരീകരണം വിദേശ പാക്കേജ് വഴിയാകാമെന്ന സാധ്യതയെ തള്ളിക്കളയാനാവില്ലെന്നും വിദേശ പാക്കേജുകൾ സ്വീകരിക്കുന്നത് പരമാവധി കുറയ്ക്കാനും നിർദ്ദേശത്തിൽ ആരോഗ്യഅധികൃതർ സൂചന നൽകി. പാഴ്സലുകൾ വീടിന് പുറത്തുവെച്ച് തുറക്കാനാണ് പറയുന്നത്.
മുന്‍പ്, ഇറക്കുമതിചെയ്യുന്ന ശീതീകരിച്ച മാംസം, മത്സ്യം എന്നിവയിൽ നിന്ന് പോലും കോവിഡ് വൈറസുകൾ പകരാമെന്ന് ചൈന പ്രസ്താവന നടത്തിയിരുന്നു. പിന്നീട് ഈ വാദത്തെ ലോകാരോഗ്യ സംഘടന നിഷേധിച്ചു. ഇത് കൂടാതെ 2019ൽ ചൈനയിലെ വുഹാനിൽ കോവിഡ് സ്ഥിരീകരിക്കുന്നതിന് മുമ്പ് തന്നെ വൈറസ് വിദേശത്ത് നിലനിന്നിരുന്നതായി ഔദ്യോഗിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കാന്‍ ചൈന ശ്രമിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.