ഇന്ത്യയടക്കം നാല് രാജ്യങ്ങൾക്ക് ചൈനയുടെ യാത്രവിലക്ക്
text_fieldsബെയ്ജിങ്: ഇന്ത്യ, ബ്രിട്ടൻ, ബെൽജിയം, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് താൽക്കാലികമായി യാത്ര വിലക്കേർപ്പെടുത്തി ചൈന. വിദേശത്ത് നിന്ന് വരുന്ന യാത്രക്കാരിൽ നിന്ന് കോവിഡ് സ്ഥിരീകരിക്കുന്നത് കൂടുന്നതിനെത്തുടർന്നാണ് നടപടി.
വന്ദേഭാരത് മിഷൻ ഭാഗമായി എയർ ഇന്ത്യ വിമാനങ്ങൾ യാത്രക്കാരുമായി മടങ്ങാനിരിക്കെയാണ് ചൈനയുടെ അപ്രതീക്ഷിത നീക്കം. പുതിയ സാഹചര്യത്തിൽ സർവിസ് പുന:ക്രമീകരിക്കാനാണ് ഇന്ത്യയുടെ തീരുമാനമെന്ന് ബെയ്ജിങ്ങിലെ ഇന്ത്യൻ എംബസി അറിയിച്ചു. നവംബർ 13, 20, 27 ഡിസംബർ നാല് ദിവസങ്ങളിലായിരിക്കും പുതിയ വിമാനങ്ങൾ.
ഒക്ടോബർ 30ന് ചൈനയിലെത്തിയ എയർ ഇന്ത്യ വിമാനത്തിലെ 23 യാത്രക്കാർക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇതിൽ 19 ഓളം യാത്രക്കാർ യാതൊരു ലക്ഷണവും കാണിച്ചിരുന്നില്ല. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായെത്തിയവർക്കാണ് യാത്ര ചെയ്യാൻ സൗകര്യമൊരുക്കിയതെന്ന് എയർ ഇന്ത്യയും പ്രതികരിച്ചിരുന്നു.
'അത്യാവശ്യ കാര്യങ്ങൾക്കും മാനുഷികമായ കാരണങ്ങൾ കൊണ്ടും യാത്ര ഒഴിവാക്കാൻ സാധിക്കാത്തവർക്ക് ചൈനീസ് എംബസി വഴിയോ ഇന്ത്യൻ കോൺസുലേറ്റ് വഴിയോ വിസക്ക് അപേക്ഷിക്കാം. നവംബർ മൂന്നിന് ശേഷം അനുവദിച്ച ചെയ്ത വിസകളുമായി ചൈനയിലേക്ക് പ്രവേശിക്കുന്നതിൽ വിലക്കില്ല' -ചൈനീസ് എംബസിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ പറഞ്ഞു.
ചൈനയുടെ തീരുമാനം താൽക്കാലികമാണെന്നും ഇന്ത്യയിൽ നിന്ന് ചൈനയിലേക്കും തിരിച്ചുമുള്ള ആവശ്യ സർവിസുകൾ പെട്ടെന്നുതന്നെ സാധ്യമാക്കാനുള്ള ചർച്ചകൾ നടത്തിവരികയാണെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.