പുതിയ വിദേശ നിക്ഷേപത്തിൽ യു.എസിനെ കടന്ന് ഒന്നാമത്; ചൈന ഒന്നാം നമ്പർ സാമ്പത്തിക ശക്തിയാകുമോ?
text_fieldsബെയ്ജിങ്: പുതുതായുള്ള വിദേശ നിക്ഷേപത്തിൽ ലോകത്ത് ഒന്നാം സ്ഥാനക്കാരായ യു.എസിനെ മറികടന്ന് ചൈനയുടെ മുന്നേറ്റം. ആഗോള രാഷ്ട്രീയത്തിൽ ട്രംപ് കൂടുതൽ അപകടകരമായ തീരുമാനങ്ങളെടുത്ത കഴിഞ്ഞ വർഷം അമേരിക്കയിൽ വിദേശനിക്ഷേപം പകുതിയോളം കുറഞ്ഞതോടെയാണ് ഒന്നാം നമ്പർ പദവി ബദ്ധവൈരികളായ ചൈനക്കു മുന്നിൽ അടിയറവ് വെക്കേണ്ടിവന്നത്.
കടുത്ത ഭീഷണികളും ഉപരോധങ്ങളുമായി അമേരിക്ക മുന്നിൽനിന്നു നയിച്ചിട്ടും കോവിഡ് കാലത്തും വലിയ പോറലേറ്റില്ലെന്ന സൂചന നൽകി കഴിഞ്ഞ വർഷം ചൈനയിലെ പുതിയ വിദേശ നിക്ഷേപം നാലു ശതമാനം വർധിച്ചിരുന്നു. ആഗോള സാമ്പത്തിക രംഗത്ത് ചൈനക്ക് കരുത്ത് കൂട്ടുന്നതാണ് യു.എൻ പുറത്തുവിട്ട പുതിയ കണക്കുകൾ.
163 ബില്യൺ ഡോളറാണ് കഴിഞ്ഞ വർഷം ചൈനയിലെത്തിയത്. അമേരിക്കയിലാകട്ടെ 134 ബില്യൺ ഡോളറും. 2019ൽ 251 ബില്യൺ ഡോളർ അമേരിക്കയിലേക്ക് ഒഴികിയിടത്താണ് ഒറ്റ വർഷത്തിനിടെ വൻ തളർച്ചയിലേക്ക് അമേരിക്കയും ട്രംപും വീണത്. ആ വർഷം ചൈനയിൽ എത്തിയിരുന്നത് 140 ബില്യൺ ഡോളറായിരുന്നു.
പുതിയ വിദേശ നിക്ഷേപത്തിെൻറ കണക്കുകളിൽ ചൈനക്ക് മേൽക്കൈ ലഭിച്ചിട്ടുണ്ടാകാമെങ്കിലും മൊത്തം വിദേശ നിക്ഷേപത്തിൽ ഇപ്പോഴും മുന്നിലാണെന്നതാണ് അമേരിക്കക്ക് ആശ്വാസം.
ഏറെയായി ലോകത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായി തുടരുന്ന യു.എസിനു മേൽ പതിയെ ചൈന പിടിമുറുക്കുകയാണെന്നും ഈ രംഗത്തും ഒന്നാം നമ്പർ പദവി കൈവിട്ടുപോകുമെന്നും മുന്നറിയിപ്പ് നൽകുന്നു സാമ്പത്തിക വിദഗ്ധർ.
ആഗോള സാമ്പത്തിക മേഖലകളിൽ ചൈന നടത്തുന്ന കടന്നുകയറ്റത്തിൽ വിറളിപൂണ്ട ട്രംപ് ഭരണകൂടം ബെയ്ജിങ്ങുമായി കടുത്ത വ്യാപാര യുദ്ധത്തിലാണ്. ഇതുപക്ഷേ, തിരിച്ചടിയാകുമെന്നും 2028ഒാടെ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ചൈന മാറുമെന്നും അടുത്തിടെ യു.കെ ആസ്ഥാനമായ സെൻറർ ഫോർ എക്കണോമിക്സ് ആൻറ് ബിസിനസ് റിസർച്ച് പുറത്തുവിട്ട റിപ്പോർട്ട് പറയുന്നു.
അമേരിക്കയിൽ ട്രംപ് അധികാരമേറിയ 2016നു ശേഷം ഓരോ വർഷവും പുതിയ വിദേശ നിക്ഷേപങ്ങൾ കുറഞ്ഞുവരികയാണ്. 2017നു ശേഷം ഒരു വർഷവും പുതിയ നിക്ഷേപങ്ങൾ കൂടിയിട്ടില്ലെന്നാണ് കണക്കുകൾ. ചൈനയിൽ പ്രവർത്തിക്കുന്ന അമേരിക്കൻ കമ്പനികൾ അടിയന്തരമായി ചൈന വിടണമെന്നും പകരം യു.എസിൽ കമ്പനികൾ തുടങ്ങണമെന്നും ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. മറിച്ച്, അമേരിക്കയിൽ പ്രവർത്തിക്കുന്ന ചൈനീസ് കമ്പനികൾക്കും നിക്ഷേപകർക്കും കടുത്ത നിയന്ത്രണങ്ങളും നടപ്പാക്കാൻ നീക്കം ആരംഭിക്കുകയും ചെയ്തു.
കോവിഡ് കാലത്ത് ആഗോള തലത്തിലെ കണക്കുകൾ പരിഗണിച്ചാൽ ആഗോള വിദേശനിക്ഷേപം 42 ശതമാനം കുറവാണെന്നാണ് യു.എൻ റിപ്പോർട്ട്. ബ്രിട്ടനിൽ ഇത് 100 ശതമാനത്തിനടുത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.