കാറ്റുപോയ ‘ബലൂണാ’യി ചൈന-അമേരിക്ക ബന്ധം
text_fieldsവാഷിങ്ടൺ/ബെയ്ജിങ്: അമേരിക്കൻ വ്യോമ മേഖലയിലെത്തിയ ചൈനീസ് ബലൂണിൽ തട്ടിത്തകർന്ന് അമേരിക്ക-ചൈന ബന്ധം. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കാലത്ത് വഷളായ ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾക്കിടെയാണ് ചൈനീസ് ബലൂൺ അമേരിക്കയിലെത്തിയത്.
അമേരിക്കൻ സൈന്യം മിസൈൽ ഉപയോഗിച്ച് തകർത്തതോടെ ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം കൂടുതൽ വഷളായി.
ചാരപ്രവൃത്തിയാണ് നടത്തിയതെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ തന്നെ വ്യക്തമാക്കിയത് ബന്ധം കൂടുതൽ മോശമായതിന്റെ തെളിവായി. ബലൂണിന്റെ അവശിഷ്ടങ്ങൾ ചൈനക്കു കൈമാറില്ലെന്നും വ്യക്തമാക്കി. അത്‍ലാന്റിക് സമുദ്രത്തിൽ തകർത്തിട്ട മൂന്നു ബസിന്റെ വലുപ്പമുള്ള ബലൂണിന്റെ ഭാഗങ്ങൾക്കായി കടലിനടിയിലും അമേരിക്ക തിരച്ചിൽ നടത്തുന്നുണ്ട്. അതേസമയം, കാറ്റിൽ ദിശതെറ്റിയ കാലാവസ്ഥ നിരീക്ഷണ ബലൂണാണെന്ന നിലപാടിലാണ് ചൈന.
നിയമാനുസൃത അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കാൻ ശക്തമായി പോരാടുമെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട്.
ബലൂൺ അമേരിക്കക്ക് ഒരു തരത്തിലും ഭീഷണിയുയർത്തിയിരുന്നില്ലെന്നും അമേരിക്കൻ വ്യോമമേഖലയിൽ അബദ്ധവശാൽ പ്രവേശിച്ചതാണെന്നും അമേരിക്കൻ നടപടി അമിത പ്രതികരണമായിരുന്നുവെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് പറഞ്ഞു.
ബലൂൺ ചൈനയുടേതാണെന്നും അവശിഷ്ടങ്ങൾ യു.എസ് തിരികെ നൽകണമോയെന്ന ചോദ്യത്തിന് മറുപടിയായി അവർ പറഞ്ഞു.
ചാരബലൂൺ സംഭവത്തെ തുടർന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ചൈനീസ് സന്ദർശനം റദ്ദാക്കിയിരുന്നു. വർഷങ്ങൾക്കുശേഷമാണ് അമേരിക്കയുടെ ഉന്നത പ്രതിനിധികളിലൊരാൾ ചൈന സന്ദർശിക്കാനൊരുങ്ങിയത്.
ഒരു മാസം മുമ്പ് ബാലിയിൽ നടന്ന ജോ ബൈഡൻ-ഷി ജിൻപിങ് കൂടിക്കാഴ്ചയെ തുടർന്നായിരുന്നു ബിങ്കന്റെ ചൈനീസ് സന്ദർശനം തീരുമാനിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.