ഫാക്ട് ചെക്ക് നടത്തുന്നുണ്ട്, ചാര ബലൂണിന് അനാവശ്യ പ്രചാരണം നൽകേണ്ടെന്ന് ചൈനയുടെ മുന്നറിയിപ്പ്
text_fieldsവാഷിങ്ടൺ: ചാര ബലൂണുകൾ കണ്ടെത്തിയെന്ന യു.എസ് അവകാശവാദത്തിൽ അന്വേഷണം ആരംഭിച്ചതായി ചൈന. യു.എസിന്റെ വാദത്തിൽ ഫാക്ട് ചെക്ക് നടത്തുന്നുണ്ടെന്നും അതിന്റെ ഫലം വരുന്നതിന് മുമ്പ് അനാവശ്യ പ്രചാരണം നൽകുന്നത് വിഷയം പരിഹരിക്കുന്നതിന് തടസമാകുമെന്നും ചൈന മുന്നറിയിപ്പ് നൽകി.
ചൈന ഉത്തരവാദിത്തമുള്ള രാജ്യമാണ്. അന്താരാഷ്ട്ര നിയമങ്ങൾ കൃത്യമായി പാലിക്കുന്ന രാജ്യവുമാണ്. ഒരു പരമാധികാര രാജ്യത്തിന്റെ വ്യോമ മേഖലയിലോ അധീനതയിലുള്ള പ്രദേശത്തിലോ അതിക്രമിച്ച് കയറാൻ ഉദ്ദേശ്യമില്ലെന്നും വിദേശ കാര്യ മന്ത്രാലയ വക്താവ് മാവോ നിങ് പറഞ്ഞു. ഇരു രാജ്യങ്ങളും വിഷയം സമാധാനപൂർവം കൈകാര്യം ചെയ്യണമെന്നും അവർ കൂട്ടിച്ചേർത്തു.
യു.എസിന്റെ തന്ത്ര പ്രധാനമേഖലകളിൽ ചൈനയുടെ ചാര ബലൂൺ വട്ടംചുറ്റുന്നത് കണ്ടെത്തിയെന്ന് യു.എസ് ആരോപിച്ചിരുന്നു. വടക്കുപടിഞ്ഞാറൻ യു.എസ് മേഖലകളിയൂടെയാണ് ബലൂൺ സഞ്ചരിച്ചിരുന്നത്. ഇത് വ്യോമ താവളങ്ങളും തന്ത്ര പ്രധാനമായ ആണവ മിസൈലുകളും ഉൾപ്പെടുന്ന മേഖലയാണ്. ഈ ബലൂണിന്റെ ഉദ്ദേശ്യം എന്താണെന്നത് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും യു.എസ് അധികൃതർ വ്യക്തമാക്കിയിരുന്നു.
ആദ്യം പ്രസിഡന്റ് ജോ ബൈഡന്റെ നിർദേശ പ്രകാരം ബലൂൺ വെടിവെച്ചിടാൻ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും ചേർന്ന് തീരുമാനിച്ചെങ്കിലും, വെടിവെച്ചിടുമ്പോൾ ഭൂമിയിൽ പതിക്കുന്ന ബലൂൺ ആളുകൾക്ക് ജീവനാശത്തിനിടവരുത്തുമെന്നതിനാൽ അത് ഒഴിവാക്കുകയായിരുന്നുവെന്ന് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.
ചൈനയും യു.എസും തമ്മിലുള്ള തർക്കം രൂക്ഷമായതിനു പിന്നാലെ, തർക്ക പരിഹാരം ലക്ഷ്യംവെച്ച് യു.എസ്. സെക്രട്ടറി ആന്റണി ബ്ലിൻകെൻ ചൈന സന്ദർശിക്കാനിരിക്കെയാണ് പുതിയ സംഭവ വികാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.