യുക്രെയ്ൻ സംഘർഷത്തിലെ ഒരു കക്ഷിക്കും ആയുധം വിൽക്കില്ല -ചൈന
text_fieldsബെയ്ജിങ്: യുക്രെയ്ൻ സംഘർഷത്തിലെ ഒരു കക്ഷിക്കും ആയുധങ്ങൾ വിൽക്കില്ലെന്ന് ചൈന. റഷ്യക്ക് ചൈനയിൽനിന്ന് ആയുധസഹായം ലഭിച്ചേക്കുമെന്ന പാശ്ചാത്യരാജ്യങ്ങളുടെ ആശങ്കക്ക് മറുപടിയായി ചൈനീസ് വിദേശകാര്യ മന്ത്രി ക്വിൻ ഗാങ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ചൈന സന്ദർശിക്കുന്ന ജർമൻ വിദേശകാര്യമന്ത്രി അന്നാലെന ബേർബോക്കിനൊപ്പം നടത്തിയ വാർത്തസമ്മേളനത്തിൽ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ആയുധവിൽപന സംബന്ധിച്ച് പ്രതികരിച്ചത്.
പാശ്ചാത്യ രാജ്യങ്ങൾ റഷ്യയെ ഒറ്റപ്പെടുത്താനും ഉപരോധമേർപ്പെടുത്തി ശിക്ഷിക്കാനും ശ്രമിക്കുമ്പോൾ രാഷ്ട്രീയമായും സാമ്പത്തികമായും റഷ്യയെ പിന്തുണക്കുന്നുണ്ടെങ്കിലും യുക്രെയ്ൻ സംഘർഷത്തിൽ നിഷ്പക്ഷത പാലിക്കുകയെന്ന നിലപാടാണ് ചൈന സ്വീകരിച്ചിരിക്കുന്നത്.
റഷ്യക്ക് ആയുധം വിൽക്കുന്നത് സംബന്ധിച്ച് ആദ്യമായാണ് ഉന്നത ചൈനീസ് പ്രതിനിധി സുവ്യക്തമായി പ്രസ്താവന നടത്തുന്നത്.
സൈനിക, സിവിലിയൻ ആവശ്യങ്ങൾക്ക് ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന സാമഗ്രികളുടെ കയറ്റുമതിക്ക് നിയന്ത്രണമേർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
സൈനിക ഉപകരണങ്ങളുടെ കയറ്റുമതിയിൽ അങ്ങേയറ്റം ഉത്തരവാദിത്തപൂർണമായ സമീപനമാണ് ചൈനക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മേഖലയിലെ സംഘർഷം രൂക്ഷമാക്കുന്നതിന് അദ്ദേഹം തായ്വാനെ കുറ്റപ്പെടുത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.