റഷ്യ-യുക്രെയ്ൻ സമാധാന പദ്ധതിയുമായി ചൈന
text_fieldsബാങ്കോക്ക്: രണ്ടു വർഷത്തിലേറെയായി തുടരുന്ന റഷ്യ -യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ പുതിയ സമാധാന പദ്ധതിയുമായി ചൈന രംഗത്ത്. പദ്ധതി സംബന്ധിച്ച് ബ്രസീൽ, ഇന്തോനേഷ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുമായി ചർച്ച നടത്തിയ ചൈന, മറ്റു രാജ്യങ്ങളുടെയും പിന്തുണ അഭ്യർഥിച്ചു. റഷ്യയും യുക്രെയ്നും തമ്മിൽ ബ്രസീലും ഇന്തോനേഷ്യയും ദക്ഷിണാഫ്രിക്കയും ചർച്ച നടത്തിയതായും തർക്കത്തിന് രാഷ്ട്രീയ പരിഹാരം കണ്ടെത്താൻ ഇവർ പ്രതിജ്ഞബദ്ധരാണെന്നും യൂറേഷ്യൻ മേഖലയുടെ ചൈനയുടെ പ്രത്യേക പ്രതിനിധി ലി ഹ്യു പറഞ്ഞു. ആയുധം നൽകി റഷ്യൻ മേഖലകൾ കടന്നാക്രമിക്കാൻ യുക്രെയ്നെ യു.എസ് സഹായിക്കുന്നതിൽ മറ്റു രാജ്യങ്ങൾക്ക് ആശങ്കയുണ്ടെന്നും ആശങ്ക സ്ഥിരീകരിക്കുന്നതാണ് യുക്രെയ്ന്റെ ആക്രമണങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധം അവസാനിപ്പിക്കാൻ റഷ്യയെയും യുക്രെയ്നെയും ഉൾപ്പെടുത്തി സമാധാന സമ്മേളനം വിളിക്കാൻ ഈ വർഷം ആദ്യം ചൈനയും ബ്രസീലും സംയുക്ത പ്രഖ്യാപനം നടത്തിയിരുന്നു. ജൂണിൽ സ്വിറ്റ്സർലൻഡിൽ നടന്ന സമാധാന സമ്മേളനത്തിലേക്ക് റഷ്യയെ ക്ഷണിച്ചിരുന്നില്ല. ചൈന പങ്കെടുക്കുകയും ചെയ്തില്ല. സമാധാന സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽനിന്ന് മറ്റു രാജ്യങ്ങളെ ചൈനയാണ് വിലക്കുന്നതെന്നാണ് യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി അന്ന് ആരോപിച്ചത്. എന്നാൽ, റഷ്യയുമായി അടുത്ത ബന്ധം പുലർത്തുന്ന ചൈനക്ക് സമാധാന പദ്ധതിയിൽ കാര്യമായ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് തിരിച്ചറിഞ്ഞതോടെ യുക്രെയ്ൻ വിദേശകാര്യ മന്ത്രി ജൂലൈയിൽ ചൈന സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.