താലിബാനുമായി ചർച്ച നടത്തി ചൈന; പിന്തുണയും സഹായവും ഉറപ്പു നൽകി
text_fieldsതാലിബാൻ പ്രതിനിധികളുമായി ചൈനീസ് വിദേശകാര്യ മന്ത്രി ദോഹയിൽ ചർച്ച നടത്തി. ചർച്ചയിൽ അഫ്ഗാന് മാനുഷികമായ പിന്തുണയും സഹായവും ചൈന ഉറപ്പു നൽകി. ചൈനയോടുള്ള സൗഹാർദം ശരിയായ തീരുമാനമായിരുന്നെന്ന് താലിബാൻ പ്രതികരിക്കുകയും ചെയ്തു.
ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യി, താലിബാൻ ഉപപ്രധാനമന്തി മുല്ല അബ്ദുൽ ഗനി ബറാദർ എന്നിവരാണ് ദോഹയിൽ ചർച്ച നടത്തിയത്.
അഫ്ഗാന് മാനുഷികമായ സഹായം തുടരാനുള്ള സന്നദ്ധത ചർച്ചയിൽ ചൈന പ്രകടിപ്പിച്ചു. താൽകാലികമായ പ്രതിസന്ധികളെ അതിജീവിക്കാൻ അഫ്ഗാനെ അന്താരാഷ്ട്ര സമൂഹവുമായി ചേർന്ന് സഹായിക്കുമെന്ന് വാങ് യി പറഞ്ഞു. മരുന്നും വാക്സിനും ധാന്യവുമടക്കം നാലു കോടി ഡോളറിന്‍റെ സഹായം ചൈന നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഭീകര സംഘങ്ങളുടെ പ്രവർത്തനം താലിബാൻ തടയുമെന്നാണ് പ്രതീക്ഷയെന്ന് ചൈന വ്യക്തമാക്കി. ൈചനയുടെ ഷിൻജിയാങ് പ്രവിശ്യയിൽ നിരവധി ആക്രമണങ്ങൾ നടത്തിയതായി ആരോപണമുള്ള ഈസ്റ്റ് തുർക്കസ്ഥൻ ഇസ്ലാമിക് മൂവ്മെന്റ് പോലുള്ള സംഘടനകളെ താലിബാൻ അടിച്ചമർത്തുമെന്ന പ്രതീക്ഷയും ചൈന പ്രകടിപ്പിച്ചു.
നടപടികളിലും നിലപാടിലും തുറന്ന സമീപനവും സഹിഷ്ണുതയും ആവശ്യമാണെന്ന് താലിബാനെ ചൈന ഒാർമപ്പെടുത്തി. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ സംരക്ഷിക്കണമെന്നും ചൈന ആഹ്വാനം ചെയ്തു.
'ൈചന ഒരിക്കലും അഫ്ഗാന്റെ ആഭ്യന്തര കാര്യങ്ങളിൽ സ്വാർത്ഥ താൽപര്യങ്ങളുമായി ഇടപെട്ടിട്ടില്ല' -അമേരിക്കയുടെ ഇടപെടലുകളെ സൂചിപ്പിച്ചുകൊണ്ട് വാങ് യി പറഞ്ഞു.
'ചൈന എപ്പോഴും അഫ്ഗാന്റെ പരമാധികാരത്തെ സ്വാതന്ത്ര്യ അവകാശത്തെയും അതിർത്തിയെയും ആദരിച്ചിട്ടുണ്ട്. സ്വന്തം വിധി നിർണയിക്കാനും വികസന പാത തെരഞ്ഞെടുക്കാനുമുള്ള അഫ്ഗാൻ ജനതയുടെ അവകാശത്തെ മാനിക്കുകയും പിന്തുണക്കുകയും ചെയ്യും' -വാങ് യി പറഞ്ഞു.
ചൈനക്കെതിരെ അഫ്ഗാന്റെ മണ്ണ് ഉപയോഗിക്കാൻ ആരെയും അനുവദിക്കില്ലെന്ന് താലിബാൻ ഉറപ്പു നൽകി. അഫ്ഗാനിൽ ചൈനീസ് നിക്ഷേപത്തിന് താലിബാൻ അനുകൂലമാണ്. ചൈന-പാക് എകണോമിക് കോറിഡോർ റോഡ് പദ്ധതി അഫ്ഗാനിലേക്ക് നീട്ടാനും താലിബാന് താൽപര്യമുണ്ട്.
അതേസമയം, അഫ്ഗാനിൽ തിടുക്കത്തിൽ നിക്ഷേപമിറക്കേണ്ടെന്ന നിലപാടിലാണ് ചൈനീസ് കമ്പനികൾ. സാഹചര്യങ്ങൾ സസൂക്ഷമം നിരീക്ഷിക്കുന്ന കമ്പനികൾ, സുരക്ഷ ഉറപ്പാക്കുന്ന സർക്കാറാണ് അഫ്ഗാനിലുള്ളതെന്ന് തെളിയട്ടെ എന്ന നിലപാടിലാണ്. അഫ്ഗാനിൽ ചെമ്പ് ഖനനമടക്കമുള്ള വൻകിട ചൈനീസ് പദ്ധതികൾ വർഷങ്ങളായി അനുഷകൂല സാഹചര്യം കാത്ത് കിടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.