ചൈനയുടെ പുതിയ വൻമതിൽ അതിർത്തി ലംഘിക്കുന്നുവെന്ന് നേപ്പാൾ ജനത; നിസാരവൽക്കരിച്ച് സർക്കാർ
text_fieldsകാഠ്മണ്ഡു: ചൈനയുടെ പുതിയ ‘വൻമതിൽ’ പലയിടങ്ങളിലും നേപ്പാൾ അതിർത്തി കയ്യേറിയാണ് നിർമിക്കുന്നതെന്ന് ജനങ്ങളിൽനിന്ന് ആരോപണമുയരവെ അധികൃതർ ഇക്കാര്യം അവഗണിക്കുന്നതായി റിപ്പോർട്ട്.
ഹിമാലയത്തിന്റെ ചാലുകളിലൂടെ കടന്നുപോവുന്ന പുതിയ ചൈനീസ് മതിലിൽ ടിബറ്റിനെ നേപ്പാളിൽ നിന്ന് വേർതിരിക്കുന്ന കോൺക്രീറ്റ് കോട്ടകളും കമ്പിവേലികളും കാണാനാവുന്നു. കൂടുതൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സായുധരായ ചൈനീസ് കാവൽക്കാർക്കൊപ്പം ചൈനയുടെ സുരക്ഷാ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
നേപ്പാളിലെ അതിർത്തിയോടു ചേർന്നുള്ള ഹംല ജില്ലയുടെ പല സ്ഥലങ്ങളിലും ചൈന അതിക്രമിച്ച് കയറുകയാണെന്ന് അവിടുത്തെ നിവാസികൾ വാദിക്കുന്നു. അതിർത്തിക്കടുത്തുള്ള നേപ്പാളി ഗ്രാമങ്ങളിൽ നാടുകടത്തപ്പെട്ട ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കരുതെന്നും ടിബറ്റൻ നേപ്പാളികൾക്കെതിരെ ചൈനീസ് സുരക്ഷാ സേന സമ്മർദ്ദം ചെലുത്തുന്നതായും അവർ പറയുന്നു. ഒരിക്കൽ നേപ്പാളിലേക്ക് പലായനം ചെയ്തുകൊണ്ട് ചൈനീസ് ഭരണകൂടത്തിന്റെ അടിച്ചമർത്തലിൽനിന്ന് രക്ഷപ്പെട്ട ആയിരക്കണക്കിന് ടിബറ്റൻകാരുടെ പ്രവാഹം ഏതാണ്ട് പൂർണ്ണമായും അപ്രത്യക്ഷമായിക്കഴിഞ്ഞു.
ടിബറ്റൻ പീഠഭൂമിയുടെ ഉയരമുള്ള ഭാഗത്ത് 600 അടി നീളത്തിൽ ‘ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നീണാൾ വാഴട്ടെ’ എന്ന സന്ദേശം കൊത്തിവച്ചിട്ടുണ്ടെന്നും ഭ്രമണപഥത്തിൽ നിന്നുപോലും വായിക്കാൻ കഴിയുംവിധം കൂറ്റൻ അക്ഷരങ്ങളിലാണ് ഇത് ആലേഖനം ചെയ്തതെന്നും പ്രദേശവാസികൾ പറയുന്നു.
എന്നിട്ടും, ചൈനയിൽനിന്നുള്ള സഹായത്തിന്റെ പേരിൽ തങ്ങളുടെ മണ്ണിലുള്ള കൈയേറ്റം അംഗീകരിക്കാൻ നേപ്പാൾ നേതാക്കൾ വിസമ്മതിക്കുകയാണെന്നാണ് ആരോപണം. പ്രത്യയശാസ്ത്രപരമായും സാമ്പത്തികമായും ചൈനയുമായി ബന്ധമുള്ള മാറിമാറി വന്ന നേപ്പാളി സർക്കാറുകൾ ഹംലയിലെ അതിർത്തി ദുരുപയോഗം വിശദമായി പ്രതിപാദിക്കുന്ന 2021ലെ വസ്തുതാന്വേഷണ റിപ്പോർട്ട് അവഗണിച്ചതായും പരാതി ഉയരുന്നുണ്ട്. ടിബറ്റുമായുള്ള അതിർത്തിയിലെ പ്രശ്‌നങ്ങളെക്കുറിച്ച് തനിക്ക് പരാതി ലഭിച്ചിട്ടില്ലെന്നും കൂടുതൽ നേപ്പാളികൾ താമസിക്കുന്ന ഇന്ത്യയുമായുള്ള തെക്കൻ അതിർത്തിയിലാണ് സർക്കാറിന്റെ കൂടുതൽ ശ്രദ്ധയെന്നും നേപ്പാൾ വിദേശകാര്യ മന്ത്രി അർസു റാണ ദ്യൂബ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ, ഇത് ചൈനയുടെ പുതിയ വൻമതിലാണെന്ന് പ്രദേശത്തെ മുൻ പ്രവിശ്യാ മുഖ്യമന്ത്രി ജീവൻ ബഹാദൂർ ഷാഹി പറയുന്നു.
ചൈന കരമാർഗം മറ്റ് 14 രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നുണ്ട്. ചൈനയുടെ സമ്പദ്‌വ്യവസ്ഥ ലോകത്തിലെ രണ്ടാമത്തേതായി വളരുമ്പോഴും കരയിലും കടലിലും അതിന്റെ വിശാലമായ അതിർത്തി ഏറെക്കുറെ സമാധാനപരമായിരുന്നു. എന്നാൽ, ഷി ജൻപിങ്ങിന്റെ ഭരണകാലത്ത് രാജ്യം അതിന്റെ പ്രദേശിക അധികാര പരിധികൾ പുനഃർനിർവചിക്കാൻ തുടങ്ങി. ഇത് ചെറിയ ഏറ്റുമുട്ടലുകളിലേക്കും നേരിട്ടുള്ള സംഘർഷത്തിലേക്കും നയിക്കുന്നുവെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
ഷി ജിൻപിങ്ങിനു കീഴിൽ ചൈന അതിന്റെ പരിധിയിലുള്ള തർക്ക പ്രദേശങ്ങളിൽ പ്രദേശിക അവകാശവാദം ഉന്നയിക്കാനുള്ള ശ്രമങ്ങൾ ഇരട്ടിയാക്കിയതായി വാഷിംങ്ടണിലെ സെന്‍റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്‍റർനാഷണൽ സ്റ്റഡീസിന്റെ ചൈന പവർ പ്രോജക്ടിലെ ബ്രയാൻ ഹാർട്ട് പറഞ്ഞു. ചൈനയുടെ സാമ്പത്തിക ആനുകൂല്യം നഷ്ടപ്പെടുമെന്ന ഭയത്താൽ അതിർത്തി തർക്കങ്ങളെ നിസാരവൽക്കരിക്കുകയോ നിരസിക്കുകയോ ചെയ്യുന്ന നേപ്പാൾ പോലെയുള്ള ചെറിയ രാജ്യങ്ങൾ നന്നേ ദുർബലരാണ്. ചൈനയുമായുള്ള വലിയ ശക്തി വ്യത്യാസം കാരണം ദുർബല രാജ്യങ്ങൾ വലിയ സമ്മർദ്ദം നേരിടുന്നുവെന്നും ബ്രയാൻ ഹാർട്ട് പറഞ്ഞു.
ഫിലിപ്പൈനിന്റെ സമുദ്രമെന്ന് അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട കിഴക്കൻ കടൽത്തീരത്ത് ഒരു ലഗൂണിനെ ചൈന സൈനിക താവളമാക്കി മാറ്റി. അതിന്റെ പടിഞ്ഞാറൻ കരാതിർത്തിയിൽ ദക്ഷിണേഷ്യൻ അയൽക്കാരുമായുള്ള തർക്കപ്രദേശമായ പർവതപ്രദേശത്തേക്ക്പീപ്പിൾസ് ലിബറേഷൻ ആർമി തള്ളിക്കയറി. ‘ഇന്തോ-പസഫിക് മേഖലയിൽ ചൈന കൂടുതൽ അപകടകരവും നിർബന്ധിതവും പ്രകോപനപരവുമായ നടപടികൾ സ്വീകരിക്കുന്നു’വെന്ന് 2023 ലെ റിപ്പോർട്ടിൽ യു.എസ് പ്രതിരോധ വിഭാഗം ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.