ഷാങ്ഹായ് വീണ്ടും ലോക്ഡൗണിൽ
text_fieldsബെയ്ജിങ്: വീണ്ടും കോവിഡ് ഭീഷണി ഭയന്ന് 26 ദശലക്ഷം ജനങ്ങൾ വസിക്കുന്ന ചൈനീസ് സാമ്പത്തിക തലസ്ഥാനമായ ഷാങ്ഹായിയിൽ തിങ്കളാഴ്ച ലോക്ഡൗൺ തുടങ്ങി. വൻതോതിൽ പരിശോധന നടത്താനും കോവിഡ് വ്യാപകമായി പടരുന്നത് ചെറുക്കാനുമാണ് ലോക്ഡൗൺ ഏർപ്പെടുത്തിയത്. താമസസൗകര്യങ്ങളും ജോലി സ്ഥലങ്ങളുമുള്ള ഷാങ്ഹായ് ചെറു ലോക്ഡൗണുകളിലൂടെയാണ് മുൻ കോവിഡ് ഭീഷണികളെ നേരിട്ടത്. രണ്ടു വർഷം മുമ്പ് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള ചൈനയിലെ ഏറ്റവും വലിയ ലോക്ഡൗൺ ആണിത്.
കൂട്ട പരിശോധന നടക്കുന്നതിനാൽ ഷാങ്ഹായിലെ പുഡോങ് സാമ്പത്തിക ജില്ലയും സമീപ പ്രദേശങ്ങളും വെള്ളി വരെ അടച്ചിടുമെന്ന് പ്രാദേശിക സർക്കാർ അറിയിച്ചു. ലോക്ഡൗണിന്റെ രണ്ടാം ഘട്ടത്തിൽ, നഗരത്തെ വിഭജിക്കുന്ന ഹുവാങ്പു നദിയുടെ പടിഞ്ഞാറുള്ള ഡൗൺടൗൺ പ്രദേശത്ത് വെള്ളിയാഴ്ച അഞ്ചു ദിവസത്തെ ലോക്ഡൗൺ ആരംഭിക്കും.
സാമ്പത്തിക, ഉൽപാദന കേന്ദ്രമായ ഷാങ്ഹായിൽ ലോക്ഡൗൺ തുടങ്ങിയതോടെ ആഗോള അസംസ്കൃത എണ്ണ വില കുറഞ്ഞു. ബ്രെന്റ് ക്രൂഡ് ഓയിലിന് ബാരലിന് 4.50 ഡോളറിലധികമാണ് കുറഞ്ഞത്. ജനങ്ങൾ വീടുകളിൽ കഴിയാനും അവശ്യസേവനവിഭാഗത്തിൽ പെടാത്ത ഓഫിസുകളും വ്യാപാരങ്ങളും അടച്ചിടാനും പൊതുഗതാഗതം നിർത്തിവെക്കാനും നിർദേശം നൽകി. ഷാങ്ഹായിലെ ഡിസ്നിലാൻഡ് തീം പാർക്ക് നേരത്തേ അടച്ചു.
വാഹന നിർമാതാക്കളായ ടെസ്ലയും ഷാങ്ഹായ് പ്ലാന്റിലെ ഉൽപാദനം താൽക്കാലികമായി നിർത്തിവെച്ചു. ഞായറാഴ്ച ഷാങ്ഹായിൽ 3500 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 50ഓളം പേർക്ക് കോവിഡ് രോഗലക്ഷണങ്ങളില്ല. ഈ മാസം രാജ്യവ്യാപകമായി സ്ഥിരീകരിച്ച 56,000 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മിക്കതും ജിലിൻ പ്രവിശ്യയിലാണ്.ജിലിനിൽ ഭാഗിക ലോക്ഡൗണുകളും ചൈനീസ് വാഹന വ്യവസായകേന്ദ്രങ്ങളിലൊന്നായ ചാങ്ചുൻ ഉൾപ്പെടെ നിരവധി നഗരങ്ങളിൽനിന്ന് യാത്രാനിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.