വർഷം നീണ്ട സഞ്ചാരം എന്തിനായിരുന്നു? ചൈനയിലെ 'നാടുചുറ്റും ആനക്കൂട്ടം' തിരികെ മടങ്ങുന്നു
text_fieldsബീജിങ്: ലോകത്തെ മുഴുവൻ ആകാംക്ഷയിലാക്കി നാടുചുറ്റാനിറങ്ങിയ ചൈനയിലെ ആനക്കൂട്ടം തിരികെ മടങ്ങുന്നതായി റിപ്പോർട്ടുകൾ. ഒരു വർഷത്തിലേറെ നീണ്ട സഞ്ചാരത്തിനൊടുവിലാണ് ആനകൾ യാത്രയാരംഭിച്ച യുനാൻ പ്രവിശ്യ ലക്ഷ്യമാക്കി തിരികെ നടക്കുന്നതായി അധികൃതർ അറിയിച്ചത്. വ്യവസായ. വിനോദ സഞ്ചാര മേഖലയായ കുൻമിങ്ങിന് സമീപം വരെയെത്തിയാണ് ആനകൾ മടങ്ങുന്നത്. അതേസമയം, നിഗൂഢമായ ഈ യാത്രയുടെ ലക്ഷ്യമെന്തായിരുന്നുവെന്നത് ഇനിയും വെളിപ്പെടാതെ അവശേഷിക്കുന്നു.
500 കിലോമീറ്ററിലേറെയാണ് ആനകൾ നടന്നുതീർത്തത്. ഇവയുടെ ആവാസവ്യവസ്ഥയായ വന്യജീവി സങ്കേതത്തിൽ നിന്ന് 200 കിലോമീറ്റർ അകലെയായാണ് ആനകളുടെ ഇപ്പോഴത്തെ സ്ഥാനം. തിരികെയെയുള്ള വഴിയിലും ആനകൾക്ക് ഭക്ഷണം ഉൾപ്പെടെ എത്തിച്ചു നൽകുകയാണ് ചൈനീസ് അധികൃതർ.
ഒരു വർഷം മുമ്പാണ് യുനാൻ പ്രവിശ്യയിലെ പുയെ നഗരത്തിലെ ജിഷുവാങ്ബെന സംരക്ഷണകേന്ദ്രത്തിൽ നിന്ന് ആനക്കൂട്ടം നടന്നുതുടങ്ങിയത്. 16 ആനകളാണ് വടക്കോട്ട് ലക്ഷ്യമാക്കി നടന്നത്. കഴിഞ്ഞ ഏപ്രിൽ 16ന് യുഷി നഗരത്തിലെത്തിയപ്പോൾ ഒരു ആനയെ കാണാതാകുകയും രണ്ട് കുട്ടികൾ ജനിക്കുകയും ചെയ്തു. അതോടെ എണ്ണം 17 ആയി. ഏപ്രിൽ 24ന് രണ്ടെണ്ണം തിരികെ പോയതോടെ സംഘത്തിൽ 15 അംഗങ്ങളായി. കൂട്ടംതെറ്റിയ ഒന്നിനെ ജൂലൈയിൽ അധികൃതർ തിരികെയെത്തിച്ചതോടെ 14 ആനകളാണ് യാത്ര തുടർന്നത്.
ആനക്കൂട്ടത്തിന്‍റെ 'ജാഥ'യുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ അന്താരാഷ്ട്ര ശ്രദ്ധപിടിച്ചുപറ്റി. ആനക്കൂട്ടം യാത്രാമധ്യേ കിടന്നുറങ്ങുന്നതിന്‍റെ ആകാശദൃശ്യം ലോകമെങ്ങും വൈറലായിരുന്നു. ചൈനയിലെ കുമിങ് കാടിനുള്ളില്‍ നടന്നു തളര്‍ന്ന് ആനക്കൂട്ടം കിടന്നുറങ്ങുന്നതിന്‍റെ ഡ്രോണ്‍ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കുട്ടികള്‍ ചാടിപ്പോകാതിരിക്കാനായി അവരെ നടുക്കു കിടത്തി ചുറ്റിനും കിടന്നുറങ്ങുന്ന ആനകളുടെ കരുതലും ലക്ഷക്കണക്കിനാളുകളുടെ ഹൃദയങ്ങൾ കീഴടക്കി.
ആനകളെ ജീവനക്കാരെ നിയോഗിച്ചും ഡ്രോണുകൾ ഉപയോഗിച്ചും അധികൃതർ 24 മണിക്കൂറും നിരീക്ഷിച്ചിരുന്നു. നിരീക്ഷണം ഇപ്പോഴും തുടരുന്നു. നൂറുകണക്കിന് പൊലീസുകാരെയും ആനകൾക്ക് സുരക്ഷയൊരുക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആനക്കൂട്ടത്തിന്‍റെ സഞ്ചാരം നിരീക്ഷിക്കാൻ ചൈനീസ് അധികൃതർ 14 ഡ്രോണുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആനകളുടെയും ആളുകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് 510 പേരെയും നിയോഗിച്ചിട്ടുണ്ട്. ആനയുടെ സഞ്ചാരദിശ മനസിലാക്കി ആ വഴിയിലുള്ള ജനങ്ങളോട് മുന്‍കരുതലുകളെടുക്കാൻ നിർദേശവും നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.