ചൈനീസ് പൗരന്മാർ കൊല്ലപ്പെട്ട സംഭവം: പാകിസ്താന് മുന്നറിയിപ്പ് നൽകണമെന്ന് ചൈനീസ് ദിനപത്രം
text_fieldsബീജിങ്: കറാച്ചിയിൽ ചൊവ്വാഴ്ച നടന്ന സ്ഫോടനത്തിൽ മൂന്ന് ചൈനീസ് പൗരൻമാർ കൊല്ലപ്പെട്ടതിന് പിന്നാലെ പാകിസ്താന് മുന്നറിയിപ്പ് നൽകണമെന്ന ആവശ്യവുമായി ചൈനീസ് ദിനപത്രം. ചൈനീസ് പൗരൻമാരുടെ സുരക്ഷ വർധിപ്പിക്കണമെന്നും പൗരന്മാരെ ദ്രോഹിക്കാൻ ശ്രമിക്കുന്നവർക്ക് നാശം മാത്രമേ ഉണ്ടാകൂവെന്ന് സംഘടനകളെ ഓർമിപ്പിക്കണമെന്നും ഗ്ലോബൽ ടൈംസ് മുഖപ്രസംഗത്തിൽ ആവശ്യപ്പെട്ടു.
കറാച്ചി സർവകലാശാലയുടെ പരിസരത്തുണ്ടായ സ്ഫോടനത്തിൽ മരിച്ച നാല് പേരിൽ മൂന്ന് പേർ ചൈനീസ് പൗരൻമാരാണ്. സർവകലാശാലയിലെ ചൈനീസ് ഭാഷാ പഠന കേന്ദ്രത്തിന് സമീപം വാനിലാണ് സ്ഫോടനമുണ്ടായത്.
ചൈനീസ് സ്ഥാപനങ്ങളുടെയും പദ്ധതികളുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷക്കായി പാകിസ്താൻ കൂടുതൽ നടപടി സ്വീകരിക്കണം. ചൈനീസ് പൗരൻമാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിൽ സംഘടനകൾക്ക് നാശം മാത്രമേ വരുത്തുകയുള്ളൂവെന്ന് ചൈന മുന്നറിയിപ്പ് നൽകണമെന്നും മുഖപ്രസംഗം ആവശ്യപ്പെട്ടു.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ബലൂചിസ്താൻ ലിബറേഷൻ ആർമി (ബി.എൽ.എ) ചൈനീസ് കമ്പനികൾക്കും പാക് പൗരന്മാർക്കും നേരെ ആക്രമണം തുടരുമെന്ന് ആവർത്തിച്ച് ഭീഷണിപ്പെടുത്തിയതായി പത്രം ആരോപിച്ചു.
അടുത്ത കാലത്തായി ചൈനീസ് പൗരൻമാരുടെ സംരക്ഷണം പാകിസ്താൻ ശക്തമാക്കിയെങ്കിലും ആക്രമണങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടെന്നും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പിന്തുണയുള്ള പത്രം ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.