'ചൈനീസ് സർക്കാർ സ്വന്തം കുഞ്ഞുങ്ങളെ തിന്നുന്ന വികൃതജന്തുവിനെ പോലെ'
text_fieldsബെയ്ജിങ്: സ്വന്തം കുഞ്ഞുങ്ങളെ തിന്നുന്ന ഭീകരജീവിയെപോലെയാണ് ചൈനീസ് സർക്കാെറന്ന് ഇൻറർപോൾ മുൻ പ്രസിഡൻറ് മെങ് ഹോങ്വെയുടെ ഭാര്യ ഗ്രേസ് മെങ്. മെങ്ങിനെ അഴിമതിക്കേസിൽ ചൈന തടവിലാക്കിയതോടെ രണ്ടു മക്കൾക്കൊപ്പം ഫ്രാൻസിൽ കഴിയുകയാണ് അവർ. ചൈനീസ് മുൻ വൈസ് പ്രസിഡൻറും കമ്യൂണിസ്റ്റ് പാർട്ടി അംഗവുമായിരുന്ന മെങ്ങിനെ 2018ലാണ് കാണാതാകുന്നത്. ചൈന തടവിലാക്കിയതായി പിന്നീട് വെളിപ്പെട്ടു. അതുകൊണ്ടാണ് സ്വന്തം കുട്ടികളെ ഭക്ഷിക്കുന്ന ഭീകരജീവിയെ പോലെയാണ് ചൈനയിലെ ഏകാധിപത്യ സർക്കാറെന്ന് ഗ്രേസ് കുറ്റപ്പെടുത്തിയത്.
അസോസിയേറ്റഡ് പ്രസിനു നൽകിയ അഭിമുഖത്തിലാണ് അവർ മനസ്സുതുറന്നത്. കോവിഡിനൊപ്പം എങ്ങനെ ജീവിക്കാമെന്ന് ലോകം പഠിച്ചു. മൂന്നുവർഷമായി ഒരു ഭീകരജീവിക്കൊപ്പം എങ്ങനെ ജീവിക്കാമെന്നു പഠിക്കുകയാണ് താനെന്നും അവർ പറഞ്ഞു. മെങ്ങിനെ തടവിലാക്കിയ വിവരമറിഞ്ഞപ്പോൾതന്നെ താൻ പാതി മരിച്ചു. 2018 സെപ്റ്റംബർ 25നാണ് അവർക്ക് ഏറ്റവുമൊടുവിൽ ഭർത്താവിെൻറ സന്ദേശം ലഭിക്കുന്നത്. ഞാൻ വിളിക്കാം എന്നു പറഞ്ഞായിരുന്നു ആദ്യ സന്ദേശം. പിന്നീട് ഒരു കത്തിയുടെ ചിഹ്നമാണ് അയക്കുന്നത്. മെങ്ങിെൻറ ജീവൻ അപകടത്തിലാണെന്നതിെൻറ സൂചനയായിരുന്നു അത്. അതിനുശേഷം ഒരു വിവരവുമില്ല. ഭർത്താവിനെ കാണണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ മുഖേന ചൈനീസ് അധികൃതർക്ക് നിരന്തരം കത്തയച്ചിട്ടും ഫലമുണ്ടായില്ല. അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ എന്നുപോലും ഉറപ്പില്ല. ഓരോ തവണയും കതകിൽ മുട്ടുകേട്ടാൽ അവരുടെ അച്ഛനാണെന്നു കരുതി മക്കൾ പ്രതീക്ഷയോടെ നോക്കും. അല്ലെന്നു തിരിച്ചറിയുന്നതോടെ നിരാശയോടെ തലതാഴ്ത്തും. -ഗ്രേസ് തുടരുന്നു.
മെങ്ങിനെ കാണാതായ ഉടൻ അദ്ദേഹം പ്രസിഡൻറ് സ്ഥാനം രാജിവെച്ചതായി ഇൻറർപോൾ പ്രഖ്യാപിച്ചു. പൊടുന്നനെ ഒരു ദിവസം രാജിക്കത്തെഴുതിവെച്ചിട്ട് ഒരാൾ അപ്രത്യക്ഷനാകുമോ? മെങ് നേരിട്ട കുറ്റകൃത്യത്തിനുനേരെ കണ്ണടക്കാൻ ഒരു പൊലീസ് സംവിധാനത്തിന് കഴിയുേമാ -ഇങ്ങനെ നിരവധി ഉത്തരമില്ലാ ചോദ്യങ്ങൾ നിരത്തുന്നുണ്ട് ഗ്രേസ്.
2019ൽ മെങ്ങിെൻറ പാർട്ടി അംഗത്വം ചൈന റദ്ദാക്കി. 2020ൽ 20 ലക്ഷം ഡോളർ കൈക്കൂലി വാങ്ങിയെന്ന കുറ്റമാരോപിച്ച് 13 വർഷവും ആറുമാസവും തടവിനു ശിക്ഷിച്ചു. പ്രതി കുറ്റം ഏറ്റുപറഞ്ഞതായും കോടതി വ്യക്തമാക്കി. ഇതെല്ലാം കള്ളക്കേസാണെന്നു ഗ്രേസ് ആവർത്തിക്കുന്നു. ചൈനയിലെ നിരവധി കുടുംബങ്ങൾ തന്നെപ്പോലെ ദുരിതം പേറുകയാണെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.