അധികാരത്തിലെത്തിയാൽ ചൈനയെ പൂട്ടുമെന്ന് ട്രംപ്; ട്രംപിന്റെ ചിത്രമുള്ള ടീഷർട്ടുകൾ വിറ്റ് വൻ നേട്ടമുണ്ടാക്കി ചൈന
text_fieldsബീജിങ്: ഡോണാൾഡ് ട്രംപിന് നേരെ നടന്ന വധശ്രമം നേട്ടമാക്കി മാറ്റി ചൈന. ട്രംപിന്റെ ചിത്രങ്ങളുള്ള ടീഷർട്ടുകൾ വിറ്റാണ് ചൈനീസ് കമ്പനികൾ വൻ നേട്ടമുണ്ടാക്കുന്നത്. വധശ്രമ സമയത്തെ ട്രംപിന്റെ ചിത്രങ്ങൾ പതിച്ച ടീഷർട്ടിന്റെ ഉൽപാദനം ഇപ്പോൾ വൻതോതിൽ നടത്തുകയാണ് ചൈനീസ് കമ്പനികൾ.
ട്രംപിന് നേരെ വെടിവെപ്പ് നടന്ന് മണിക്കൂറുകൾക്കകം തന്നെ ചൈനീസ് ഇ-കോമേഴ്സ് പ്ലാറ്റ്ഫോമായ ടോബോ സംഭവത്തിന് ശേഷം സുരക്ഷാഉദ്യോഗസ്ഥർ ട്രംപിനേയും കൊണ്ടു പോകുന്ന ചിത്രം പതിച്ച ടീഷർട്ടുകൾ ഓൺലൈൻ സൈറ്റിൽ വിൽപനക്ക് വെച്ചിരുന്നു.
ചേരയൊലിപ്പിച്ച് നീങ്ങുന്ന ട്രംപിന്റെ ചിത്രത്തോടൊപ്പം ഫൈറ്റ്, ഫൈറ്റ്, ഫൈറ്റ് എന്ന അദ്ദേഹത്തിന്റെ വാക്കുകളും ടീഷർട്ടുകളിൽ രേഖപ്പെടുത്തിയിരുന്നു. ടീഷർട്ടുകൾ പ്രിന്റ് ചെയ്യുന്നതിന് മുമ്പാണ് അത് ഓൺലൈനിൽ വിൽപനക്ക് വേണ്ടി എത്തിച്ചത്. ഇതിന് പിന്നാലെ തന്നെ യു.എസിൽ നിന്നും ചൈനയിൽ നിന്നുമായി 2,000ത്തോളം ഓർഡറുകൾ ടീഷർട്ടിന് ലഭിച്ചുവെന്ന് ടോബോ അറിയിച്ചു.
ട്രംപിന്റെ ചിത്രവും അദ്ദേഹത്തിന്റെ മുദ്രാവാക്യങ്ങളും എഴുതിയ ടീഷർട്ടുകൾ നാല് ഡോളർ മുതലാണ് വിവിധ ചൈനീസ് കമ്പനികൾ വിൽക്കുന്നത്. ഇത്തരം ടീഷർട്ടുകളുടെ ഡിമാൻഡ് വർധിച്ചതോടെ ഇവയുടെ ഉൽപാദനം വർധിപ്പിക്കാനും ചൈനീസ് കമ്പനികൾ ഒരുങ്ങുന്നുണ്ട്.
നേരത്തെ ആദ്യതവണ പ്രസിഡന്റായി ഇരുന്നപ്പോൾ ചൈനയുമായി ട്രംപ് വ്യാപാര യുദ്ധത്തിൽ ഏർപ്പെട്ടിരുന്നു. വീണ്ടും അധികാരത്തിലെത്തിയാലും ചൈനീസ് ഉൽപന്നങ്ങൾ യഥേഷ്ടം യു.എസ് വിപണിയിൽ വിൽക്കാൻ അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.