ചൈനയുടെ ആണവായുധ അന്തർവാഹിനി മുങ്ങിപ്പോയെന്ന് യു.എസ്
text_fieldsവാഷിങ്ടൺ: നിർമാണത്തിലിരിക്കെ ചൈനയുടെ ആണവായുധ ശേഷിയുള്ള അന്തർവാഹിനി തുറമുഖത്ത് മുങ്ങിപ്പോയതായി യു.എസ്. ഉപഗ്രഹ ചിത്രങ്ങളിലൂടെയാണ് ഇക്കാര്യം വ്യക്തമായതെന്നും പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതായി അസോസിയറ്റഡ് പ്രസ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. മേയ്, ജൂൺ മാസത്തിനിടയിലാണ് സംഭവം നടന്നത്. മുങ്ങുന്നതിനുമുമ്പ് യാങ്‌സി നദിയിലെ ഷുവാങ്‌ലിയു കപ്പൽശാലയിൽ നങ്കൂരമിട്ടിരിക്കുന്ന അന്തർവാഹിനിയുടെ ചിത്രം അസോസിയറ്റഡ് പ്രസിന് ലഭിച്ചു.
യു.എസിലെ സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായ പ്ലാനറ്റ് ലാബ്സ് പി.ബി.സിയാണ് ഉപഗ്രഹ ചിത്രങ്ങൾ കൈമാറിയത്. ജൂൺ 15ന് എടുത്ത ചിത്രത്തിൽ അന്തർവാഹിനി നദിയുടെ ഉപരിതലത്തിനടിയിൽ പൂർണമായോ ഭാഗികമായോ മുങ്ങിക്കിടക്കുന്നതായാണുള്ളത്. രക്ഷാപ്രവർത്തന സാമഗ്രികളും ക്രെയിനുകളും ചുറ്റിലുമുള്ളതായും ചിത്രത്തിലുണ്ട്. ആഗസ്റ്റ് 25ന് എടുത്ത ഉപഗ്രഹ ചിത്രത്തിൽ മുങ്ങിയ കപ്പലിന്റെ അതേ ഡോക്കിൽ ഒരു അന്തർവാഹിനി തിരികെയെത്തിയതായും കാണിക്കുന്നുണ്ട്.
എങ്കിലും മുങ്ങിയ അന്തർവാഹിനി തന്നെയാണോ ഡോക്കിൽ പ്രത്യക്ഷപ്പെട്ടതെന്ന് വ്യക്തമല്ല. അതേസമയം, സംഭവശേഷം പ്രദേശത്ത് റേഡിയേഷൻ ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ, സംഭവത്തെക്കുറിച്ച് വിവരമില്ലെന്ന് വാഷിങ്ടണിലെ ചൈനയുടെ നയതന്ത്ര കാര്യാലയം പ്രതികരിച്ചു. കഴിഞ്ഞ വർഷം വരെ ആറ് ആണവായുധശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനികളും ആറ് ആണവാക്രമണ അന്തർവാഹിനികളും 48 ഡീസൽ ആക്രമണ അന്തർവാഹിനികളും ചൈന പ്രവർത്തിപ്പിച്ചിരുന്നതായാണ് യു.എസ് സൈന്യത്തിന്റെ കണക്ക്.
യു.എസ് നഗരങ്ങളെ ലക്ഷ്യമിടാൻ ശേഷിയുണ്ടെന്ന് കരുതുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പസിഫിക് സമുദ്രത്തിൽ ചൈന വിജയകരമായി പരീക്ഷിച്ചതിന് പിന്നാലെയാണ് അന്തർവാഹിനി മുങ്ങിയെന്ന വാർത്ത പുറത്തുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.