നിർമാണ പൂർത്തീകരണത്തോടടുത്ത് ചൈനീസ് ബഹിരാകാശ നിലയം
text_fieldsബീജിങ്: നിർമാണത്തിലുള്ള സ്വന്തം ബഹിരാകാശ നിലയമായ ടിയാങ്ങോങ്ങിന്റെ ആദ്യ ലാബ് മൊഡ്യൂൾ ചൈന വിജയകരമായി വിക്ഷേപിച്ചു. ഈ വർഷം അവസാനത്തോടെ നിലയനിർമാണം പൂർത്തിയാക്കാനുള്ള ചൈനയുടെ ശ്രമങ്ങൾക്ക് ഊർജം പകരുന്നതാണ് വിക്ഷേപണം.
ലോങ് മാർച്ച്-5ബി വൈ3 എന്ന ഭീമൻ റോക്കറ്റിൽ വെൻചാങ് വിക്ഷേപണത്തറയിൽനിന്നാണ് വെൻഷ്യാൻ എന്ന് പേരുള്ള ലാബ് മൊഡ്യൂൾ വിക്ഷേപിച്ചത്. നിലയത്തിന്റെ പ്രധാന മൊഡ്യൂൾ ആയ ടിയാൻഹെക്ക് തകരാറുണ്ടായാൽ കരുതൽ മൊഡ്യൂളായും നിലയത്തിലെ ശാസ്ത്രപരീക്ഷണങ്ങളുടെ വേദിയായും വെൻഷ്യാൻ പ്രവർത്തിക്കും. വിക്ഷേപണത്തിനുശേഷം മണിക്കൂറുകൾക്കുള്ളിൽ ടിയാങ്ങോങ് നിലയവുമായി വെൻഷ്യാനെ ബന്ധിപ്പിക്കുമെന്ന് ചൈനീസ് ബഹിരാകാശ ഏജൻസി (സി.എം.എസ്.എ) അറിയിച്ചു.
നിർമാണം പൂർത്തിയാകുന്നതോടെ മൂന്ന് മൊഡ്യൂളുകൾ ഉൾക്കൊള്ളുന്ന നിലയമായി ടിയാങ്ങോങ് പ്രവർത്തനം ആരംഭിക്കും. പ്രധാന മൊഡ്യൂൾ ആയ ടിയാൻഹെ കഴിഞ്ഞ വർഷം ഏപ്രിലിലാണ് വിക്ഷേപിച്ചത്. രണ്ടാമത്തെ മൊഡ്യൂളായ വെൻഷ്യാനും വിക്ഷേപിച്ചതോടെ ഇനി മെങ്ഷ്യാൻ എന്ന് പേരിട്ട ലാബ് മൊഡ്യൂൾ മാത്രമാണ് വിക്ഷേപിക്കാനുള്ളത്. മെങ്ഷ്യാൻ ഒക്ടോബറിൽ വിക്ഷേപിക്കും. നിലയനിർമാണത്തിനായി മൂന്ന് പേരുടെ സംഘത്തെ ടിയാങ്ങോങ്ങിൽ നേരത്തേ ചൈന എത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.