ബലൂൺ കൊണ്ട് തീക്കളി; ചൈനീസ് ചാര ബലൂൺ ഇന്ത്യയെയും ലക്ഷ്യമിട്ടെന്ന് റിപ്പോർട്ടുകൾ
text_fieldsന്യൂയോർക്ക്: യു.എസ് സൈന്യം വെടിവെച്ചിട്ട ചൈനീസ് നിരീക്ഷണ ബലൂണുമായി ബന്ധപ്പെട്ട് വിവാദങ്ങൾ കൊഴുക്കവേ പുതിയ വെളിപ്പെടുത്തലുമായി യു.എസ് അധികൃതർ. ചൈനീസ് ചാര ബലൂൺ ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളെ ലക്ഷ്യമിട്ടെന്ന് യു.എസ് സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറി വെൻഡി റൂത് ഷെർമാൻ വിവിധ എംബസികളിലെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ പറഞ്ഞതായി 'വാഷിങ്ടൺ പോസ്റ്റ്' റിപ്പോർട്ടു ചെയ്യുന്നു.
രണ്ട് ദിവസം മുമ്പാണ് തങ്ങളുടെ ആകാശപരിധിയിൽ കണ്ടെത്തിയ ചൈനീസ് ചാരബലൂൺ യു.എസ് വെടിവെച്ചിട്ടത്. യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ബലൂണിനെ വീഴ്ത്തിയെന്ന് അമേരിക്കൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സമുദ്രത്തിലാണ് ബലൂൺ പതിച്ചത്. പ്രധാന സൈനിക കേന്ദ്രങ്ങളുടെ രഹസ്യം ചോർത്താനാണ് ചൈന ബലൂൺ അയച്ചതെന്നും യു.എസ് ആരോപിച്ചു. അതേസമയം, ചാരബലൂണല്ലെന്നും കാലാവസ്ഥ സംബന്ധിച്ച് പഠനം നടത്തുന്ന ബലൂൺ കാറ്റിൽ ദിശതെറ്റി യു.എസ് വ്യോമമേഖലയിലെത്തുകയായിരുന്നുവെന്നുമാണ് ചൈനയുടെ വിശദീകരണം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇതോടെ കൂടുതൽ വഷളായിരിക്കുകയാണ്.
ഇന്ത്യ, ജപ്പാൻ, വിയറ്റ്നാം, തായ്‍വാൻ, ഫിലിപ്പീൻസ് തുടങ്ങി ചൈനക്ക് പ്രത്യേക താൽപര്യമുള്ള രാജ്യങ്ങളിലെല്ലാം നിരീക്ഷണ ബലൂൺ വിവരങ്ങൾ ചോർത്താനായി അയച്ചിട്ടുണ്ടെന്ന് യു.എസ് സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറി വെൻഡ് ഷെർമാനെ ഉദ്ധരിച്ച് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ചൈനീസ് തെക്കൻ തീരത്തെ ഹൈനാൻ പ്രവിശ്യക്ക് പുറത്തുനിന്നാണ് ബലൂൺ നിയന്ത്രണമെന്നും പറയുന്നു. നിരവധി പ്രതിരോധ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി വിവരങ്ങൾ ശേഖരിച്ചാണ് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് പുറത്തുവിട്ടത്. ചൈനീസ് സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ വ്യോമസേനയുടെ ഭാഗമാണ് ബലൂൺ. അഞ്ച് ഭൂഖണ്ഡത്തിൽ ബലൂൺ കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
യു.എസിൽ ഹവായ്, ഫ്ലോറിഡ, ടെക്സസ്, ഗുവാം എന്നിവിടങ്ങളിൽ കഴിഞ്ഞ വർഷങ്ങളിൽ ബലൂൺ കണ്ടിരുന്നുവത്രെ. ബലൂണുകളുടെ വിവിധ ചിത്രങ്ങൾ ചൊവ്വാഴ്ച പെന്‍റഗൺ പുറത്തുവിട്ടിരുന്നു.
യു.എസ് ആകാശത്ത് ചൈനയുടെ ചാരബലൂൺ കണ്ടെത്തിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രശ്നങ്ങൾ വഷളാക്കിയിരുന്നു. ഇതേതുടർന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ ചൈനീസ് സന്ദർശനം റദ്ദാക്കുകയും ചെയ്തിരുന്നു.
ജനുവരി 28ന് അമേരിക്കൻ ആകാശത്തെത്തിയ ബലൂൺ ഫെബ്രുവരി നാലിന് ഉച്ചക്ക് 2.39നാണ് (ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ 1.09ന്) യു.എസ് നോർത്തേൺ കമാൻഡ് യുദ്ധവിമാനങ്ങളിലെ മിസൈൽ ഉപയോഗിച്ചാണ് തകർത്തത്. സൗത്ത് കരോലൈനയിലെ അമേരിക്കൻ തീരത്ത് നിന്ന് 9.65 കിലോമീറ്റർ അകലെ സമുദ്രത്തിലാണ് ബലൂൺ അവശിഷ്ടങ്ങൾ പതിച്ചത്.
ബലൂൺ വീഴ്ത്തിയത് അന്താരാഷ്ട്ര കീഴ്വഴക്കങ്ങളുടെ കടുത്ത ലംഘനമാണെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞത്. കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ആളില്ലാത്ത സൈനികേതര ബലൂൺ വെടിവെച്ച് വീഴ്ത്തിയതിൽ ശക്തമായി തിരിച്ചടിക്കുമെന്ന് ചൈന മുന്നറിയിപ്പ് നൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.