സുരക്ഷ ആശങ്കകൾക്കിടെ ചൈനീസ് ചാരക്കപ്പൽ ശ്രീലങ്കൻ തുറമുഖത്ത്
text_fieldsകൊളംബോ: സുരക്ഷ ആശങ്കകൾക്കിടെ ചൈനയുടെ ചാരക്കപ്പൽ ശ്രീലങ്കയിലെത്തി. ഇന്ത്യയുടെ ആശങ്കകൾ പരിഗണിക്കാതെയാണ് ചൈനയുടെ യുവാൻ വാങ്-5ന് നങ്കൂരമിടാൻ ശ്രീലങ്ക അനുമതി നൽകിയത്. ഉപഗ്രഹങ്ങളും ഭൂഖണ്ഡാന്തര മിസൈലുകളും നിരീക്ഷിക്കാൻ കഴിവുള്ള ചൈനീസ് കപ്പലാണ് ചൊവ്വാഴ്ച രാവിലെ ഹംബൻടോട്ട തുറമുഖത്ത് എത്തിയത്.
ഈമാസം 22 വരെ ചൈനീസ് മേൽനോട്ടത്തിലുള്ള ഹംബൻടോട്ട തുറമുഖത്ത് കപ്പൽ നങ്കൂരമിടും. ഇന്ത്യയുടെ സുരക്ഷ ആശങ്കകൾ പരിഗണിക്കാതെയാണ് ശ്രീലങ്കൻ വിദേശകാര്യമന്ത്രാലയം കപ്പലിന് അനുമതി നൽകിയത്. ശ്രീലങ്കയുടെ ചോദ്യത്തിന് ഇന്ത്യ തൃപ്തികരമായ മറുപടി നൽകിയില്ലെന്നും അതുകൊണ്ടാണ് അനുമതി നൽകിയുള്ള നടപടികളുമായി മുന്നോട്ട് പോയതെന്നുമാണ് ശ്രീലങ്കൻ അധികൃതരുടെ വിശദീകരണം.
നേരത്തെ എന്തുകൊണ്ട് കപ്പലിന് അനുമതി നിഷേധിക്കണമെന്ന ചോദ്യം ലങ്ക ഇന്ത്യക്ക് മുമ്പാകെ ഉന്നയിച്ചിരുന്നു. ഇതിന് വ്യക്തമായ മറുപടി ഇന്ത്യ നൽകിയില്ലെന്നാണ് ശ്രീലങ്ക പറയുന്നത്. ചൈനയുടെ യുവാൻ വാങ്-5 കപ്പൽ ഗവേഷണത്തിനും സർവേക്കുമായാണ് ഉപയോഗിക്കുന്നതെന്നാണ് ചൈനീസ് അവകാശവാദം. എന്നാൽ, ചാരവൃത്തിക്കും ഈ കപ്പൽ ഉപയോഗിക്കാമെന്നാണ് റിപ്പോർട്ടുകൾ.
ഇതാണ് ഇന്ത്യയെ ആശങ്കയിലാഴ്ത്തുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെ സാന്നിധ്യം വർധിക്കുന്നതിൽ നിരവധി തവണ ഇന്ത്യ ആശങ്ക രേഖപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.