ന്യൂസിലൻഡിന്റെ 41-ാമത് പ്രധാനമന്ത്രിയായി ക്രിസ് ഹിപ്കിൻസ് സത്യപ്രതിജ്ഞ ചെയ്തു
text_fieldsവെല്ലിങ്ടൺ: ന്യൂസിലൻഡിന്റെ 41-ാമത് പ്രധാനമന്ത്രിയായി ക്രിസ് ഹിപ്കിൻസ് സത്യപ്രതിജ്ഞ ചെയ്തു. അപ്രതീക്ഷിതമായി സ്ഥാനമൊഴിഞ്ഞ ജസീന്ത ആർഡേന് പകരമാണ് ലേബർ പാർട്ടി എം.പിയായ ക്രിസ് പ്രധാനമന്ത്രി പദത്തിലെത്തിയത്.
ജസീന്ത സർക്കാറിൽ പൊലീസ്-വിദ്യാഭ്യാസ-പൊതുസേവന മന്ത്രിയായിരുന്നു 44കാരനായ ഹിപ്കിൻസ്. ഒക്ടോബർ 14നാണ് അടുത്ത പൊതുതെരഞ്ഞെടുപ്പ്. അതുവരെ എട്ടു മാസം അദ്ദേഹത്തിന് പ്രധാനമന്ത്രിയായി തുടരാനാകും.
കോവിഡ് കാലത്തെ പ്രവർത്തനങ്ങളിലൂടെ അദ്ദേഹം പ്രശംസ പിടിച്ചുപറ്റിയിരുന്നു.
ന്യൂസിലാൻഡ് ഗവർണർ ജനറൽ സിൻഡി കിറോ സത്യവാചകം ചൊല്ലികൊടുത്തു. 'ഇത് എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ പദവിയും ഉത്തരവാദിത്തവുമാണ്. മുന്നിലുള്ള വെല്ലുവിളികളിൽ ഞാൻ ഊർജസ്വലനും ആവേശഭരിതനുമാണ്' -ഹിപ്കിൻസ് പ്രതികരിച്ചു.
കാർമൽ സെപ്പുലോനി ന്യൂസിലൻഡിന്റെ ഉപപ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ആദ്യമായാണ് പസഫിക് ദ്വീപിന്റെ പാരമ്പര്യമുള്ള ഒരാൾ ഈ ചുമതല ഏറ്റെടുക്കുന്നത്. കാർമൽ ഹിപ്കിൻസിനെ അഭിനന്ദിക്കുകയും തന്നിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദി പറയുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.