ജസീന്ത ആർഡേന് ശേഷം ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ്
text_fieldsവെലിങ്ടൺ: പടിയിറങ്ങുന്ന ജസീന്ത ആർഡേന് ശേഷം ന്യൂസിലൻഡ് പ്രധാനമന്ത്രിയായി സ്ഥാനമേൽക്കുക ക്രിസ് ഹിപ്കിൻസ്. അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കാൻ ലേബർ പാർട്ടി തീരുമാനിച്ചു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മറ്റാരും മത്സരിക്കാനില്ലാത്തതിനാൽ ഞായറാഴ്ച നടക്കുന്ന യോഗത്തിൽ 44കാരനായ ഹിപ്കിൻസ് ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്യും. ഇത് ജീവിതത്തിലെ ഏറ്റവും വലിയ ഉത്തരവാദിത്തവും ഏറ്റവും വലിയ പദവിയുമാണെന്ന് ക്രിസ് ഹിപ്കിൻസ് പ്രതികരിച്ചു.
ഹിപ്കിൻസ് ആദ്യമായി പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് 2008ലാണ്. 2020 നവംബറിൽ കോവിഡിന്റെ ചുമതലയുള്ള മന്ത്രിയായി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലൂടെ ജനപ്രിയനായി മാറുകയും ചെയ്തു.
ഫെബ്രുവരി ഏഴിന് ന്യൂസിലൻഡ് പ്രധാനമന്ത്രിസ്ഥാനവും ലേബർ പാർട്ടി നേതൃസ്ഥാനവും രാജിവെക്കുമെന്നാണ് ജസീന്ത അറിയിച്ചിട്ടുള്ളത്. ഇതോടെയാണ് പുതിയ നേതാവിനെയും പ്രധാനമന്ത്രിയെയും തെരഞ്ഞെടുക്കാനുള്ള നടപടികൾ ലേബർ പാർട്ടി ആരംഭിച്ചത്.
2023 ഒക്ടോബർ 14ന് ന്യൂസിലൻഡിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ജസീന്ത രാജി പ്രഖ്യാപിച്ചത്. ക്രൈസ്റ്റ് ചർച്ച് വെടിവെപ്പ്, കോവിഡ് മഹാമാരി, വൈറ്റ് ഐലൻഡ് അഗ്നിപർവത സ്ഫോടനം തുടങ്ങിയ നിർണായക മുഹൂർത്തങ്ങളിൽ ന്യൂസിലൻഡിനെ മുന്നിൽനിന്ന് നയിച്ചാണ് ജസീന്ത ആർഡേൻ പടിയിറങ്ങുന്നത്. ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ വനിത ഭരണാധികാരി, അധികാരത്തിലിരിക്കെ കുഞ്ഞിന് ജന്മം നൽകിയ രണ്ടാമത്തെ വനിത തുടങ്ങിയ ബഹുമതികൾ സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.