ജീവൻ നൽകിയും മസ്ജിദുൽ അഖ്സ സംരക്ഷിക്കുമെന്ന് ഫലസ്തീൻ ക്രിസ്ത്യൻ നേതാവ്
text_fieldsഫലസ്തീൻ വിമോചന പോരാട്ടത്തിൽ അണിനിരന്ന് മസ്ജിദുൽ അഖ്സ ജീവൻ കൊടുത്തും സംരക്ഷിക്കുമെന്ന് ഫലസ്തീനിലെ ക്രിസ്ത്യൻ നേതാവ്.
അൽ അഖ്‌സ മസ്ജിദ് ഇസ്രായേൽ അധിനിവേശത്തിൽനിന്ന് സംരക്ഷിക്കാൻ മുസ്ലിംകൾക്കൊപ്പം ക്രിസ്ത്യാനികൾ മരണം വരെ പോരാടുമെന്ന് ഫലസ്തീനിലെ ക്രിസ്ത്യൻ നേതാവും ജറൂസലം ജസ്റ്റിസ് ആൻഡ് പാർട്ടി ഓർഗനൈസേഷൻ തലവനുമായ ഫാദർ മാനുവൽ മുസല്ലം അറിയിച്ചു. അഖ്‌സയുടെ താക്കോൽ ഒരിക്കലും അധിനിവേശ ശക്തികൾക്ക് കൈമാറില്ലെന്നും അദ്ദേഹം പറഞ്ഞു.
പെസഹാ അവധിദിനങ്ങളിൽ മസ്ജിദുൽ അഖ്‌സയിൽ കടന്നുകയറി ബലിയർപ്പണം നടത്താനുള്ള ഇസ്രായേലിലെ ജൂതസംഘടനകളുടെ ശ്രമത്തിനിടെയാണ് ഫാദർ മാനുവലിന്റെ പ്രസ്താവന. പഴയ ജറൂസലമിൽ സ്ഥിതി ചെയ്യുന്ന അഖ്‌സ പള്ളി സംരക്ഷിക്കാൻ ക്രിസ്ത്യാനികളും ഹോളി സെപൾച്ചർ ചർച്ചിന്റെ സംരക്ഷണത്തിന് മുസ്ലിംകളും പോരാടുമെന്നും അദ്ദേഹം പറഞ്ഞു.
'ജറൂസലം പഴയ നഗരത്തിലെ അൽ അഖ്‌സ മസ്ജിദും ഹോളി സെപൾച്ചർ ചർച്ചും സംരക്ഷിക്കുന്നതിനായി കരുത്തോടെ ചുറ്റും തലയുയർത്തി നിന്ന് ഞങ്ങൾ മരിക്കും' - അദ്ദേഹം പറഞ്ഞു. ഇസ്രായേൽ സൈന്യത്തിന്റെ സഹായത്തോടെ ജൂതകുടിയേറ്റക്കാർ അഖ്‌സയിൽ നടത്തുന്ന അതിക്രമങ്ങൾ, പള്ളി തകർത്ത് അവിടെ ജൂതക്ഷേത്രം നിർമിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും ഈ സമയത്ത് നിശ്ശബ്ദമായിരിക്കുന്നത് ഭാവിയിൽ അഖ്‌സ സംരക്ഷിക്കാനുള്ള തങ്ങളുടെ അവകാശം തന്നെ നശിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'മസ്ജിദിന്റെ സംരക്ഷണത്തിന് ക്രിസ്ത്യാനികളും ചർച്ചിന്റെ സംരക്ഷണത്തിന് മുസ്ലിംകളും രംഗത്തിറങ്ങും. ഞങ്ങളെല്ലാവരും ഒരേ രാഷ്ട്രക്കാരാണ്. ഞങ്ങളുടെ സംസ്‌കാരം ഒന്നാണ്. 'അൽ-അഖ്‌സ നിങ്ങളെ വിളിക്കുന്നു. അതിന്റെ കണ്ണുകൾ നിറയുന്നു. അതിനാൽതന്നെ അത് പരാജയപ്പെടരുത്' -ഫാദർ മാനുവൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.