ക്രിസ്റ്റഫർ കൊളംബസിന്റെ ഭൗതികാവശിഷ്ടം കണ്ടെത്തി; ഡി.എൻ.എ പരിശോധനയിലൂടെ ചുരുളഴിഞ്ഞത് 500 വർഷം പഴക്കമുള്ള നിഗൂഢത
text_fieldsമഡ്രിഡ്: സ്പെയിനിലെ സെവിയ്യ കത്തീഡ്രലിൽ കണ്ടെത്തിയ മനുഷ്യ ശരീരാവശിഷ്ടം ക്രിസ്റ്റഫർ കൊളംബസിന്റെതുതന്നെയെന്ന് സ്ഥിരീകരണം. പടിഞ്ഞാറൻ യൂറോപ്പിൽനിന്നുള്ള സെപാർഡിക് ജൂതനാണ് അദ്ദേഹമെന്നും മിഗ്വൽ ലോറന്റെയുടെ നേതൃത്വത്തിലുള്ള സ്പാനിഷ് വിദഗ്ധർ തിരിച്ചറിഞ്ഞു. സ്പാനിഷ് സർക്കാർ ഫണ്ടിങ്ങോടെ അമേരിക്കയടക്കം വിവിധ രാജ്യങ്ങളിലേക്ക് യാത്ര നടത്തിയ കൊളംബസിന്റെ അന്ത്യവിശ്രമ സ്ഥലത്തെ ചൊല്ലിയുള്ള വിവാദങ്ങൾക്ക് ഇതോടെ അന്ത്യമാകുമെന്നാണ് പ്രതീക്ഷ.
അമേരിക്കൻ ഭൂഖണ്ഡത്തിൽ യൂറോപ്യൻ അധിനിവേശത്തിന് വഴിതുറന്ന നാവികനാണ് കൊളംബസ്. ഇറ്റലിയിലെ ജിനോവയിൽനിന്നാണ് കൊളംബസെന്നായിരുന്നു നേരത്തേ പ്രചാരണം. പോർചുഗീസ്, ബ്രിട്ടീഷ് പൗരത്വങ്ങളും ആരോപിക്കപ്പെട്ടു. മിഗ്വൽ ലോറന്റെയുടെ നേതൃത്വത്തിൽ 22 വർഷമെടുത്ത് ചെറു അവശിഷ്ടങ്ങൾ പരിശോധിച്ചുള്ള ഗവേഷണത്തിലാണ് സെവിയ്യ കത്തീഡ്രലിലേത് കൊളംബസിന്റെതുതന്നെയെന്ന് സ്ഥിരീകരണം.
മകൻ ഹെർനാന്റോ കൊളോൺ അടക്കം അറിയപ്പെട്ട കുടുംബക്കാർ, പിൻതലമുറകൾ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളിൽനിന്ന് ശേഖരിച്ച ജീനുകളുമായി ചേർത്തുനോക്കിയായിരുന്നു പരിശോധന. സ്പാനിഷ് ടി.വി പുറത്തുവിട്ട ‘കൊളംബസ് ഡി.എൻ.എ: ദ ട്രൂ ഒറിജിൻ’ എന്ന ഡോക്യുമെന്ററിയിൽ ഇതിന്റെ വിശദാംശങ്ങളുണ്ട്.
1506ൽ 55ാം വയസ്സിൽ സ്പാനിഷ് നഗരമായ വയ്യഡോളിഡിൽ മരിച്ച കൊളംബസിന് വടക്കേ അമേരിക്കൻ ദ്വീപായ ഹിസ്പാനിയോളയിൽതന്നെ അടക്കണമെന്നായിരുന്നു അന്ത്യാഭിലാഷം. 1542ൽ അവിടെയെത്തിച്ച മൃതദേഹം 1795ൽ ക്യൂബയിലേക്ക് മാറ്റി.
1877ൽ ഡൊമിനിക്കൻ റിപ്പബ്ലിക്കൻ തലസ്ഥാനമായ സാന്റോ ഡൊമിനിഗോയിൽ കൊളംബസിന്റെതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. 1898ലാണ് സെവിയ്യയിൽ അടക്കിയത്. സെവിയ്യയിലെ ശവകുടീരം കൊളംബസിന്റെ വിശ്രമസ്ഥലമായി സൈദ്ധാന്തികർക്കിടയിൽ പ്രചാരമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.