ലോക കാലാവസ്ഥ ഉച്ചകോടി ഞായറാഴ്ച മുതൽ; 90 രാഷ്ട്ര നേതാക്കൾ സംബന്ധിക്കും
text_fieldsശറമുശൈഖ്: ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ ലോക കാലാവസ്ഥ ഉച്ചകോടി (COP 27) നവംബർ ആറുമുതൽ 18വരെ ഈജിപ്തിലെ ശറമുശൈഖിൽ നടക്കും. ഉദ്ഘാടന സമ്മേളനം ഞായറാഴ്ച നടക്കും. കാലാവസ്ഥ നടപ്പിലാക്കൽ ഉച്ചകോടി ഏഴ്, എട്ട് തീയതികളിലും മന്ത്രിതല സമ്മേളനം നവംബർ 15 മുതൽ 18 വരെയും നടക്കും. അനുബന്ധമായി നിരവധി പരിപാടികളും പ്രദർശനങ്ങളും സംഘടിപ്പിക്കുന്നുണ്ട്.
അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുൾപ്പെടെ 90 രാഷ്ട്ര നേതാക്കൾ ഉച്ചകോടിയിൽ സംബന്ധിക്കും. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്, കോപ്-27ൽ 18 അംഗ ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നത് സംബന്ധിച്ച് സ്ഥിരീകരണം വന്നിട്ടില്ല. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പങ്കെടുക്കുമെന്നാണ് ഒടുവിൽ ലഭിക്കുന്ന സൂചനകൾ. പ്രതിവർഷം വലിച്ചെറിയുന്ന 120 ശതകോടി പ്ലാസ്റ്റിക് കുപ്പികളുടെ ഉൽപാദകരായ കൊക്കകോള സ്പോൺസർമാരുടെ പട്ടികയിൽ ഇടംപിടിച്ചതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
ആഗോള താപനം രണ്ട് ഡിഗ്രി സെൽഷ്യസിൽ താഴെ എത്തിക്കുമെന്ന 2015ലെ പാരിസ് പ്രഖ്യാപനം യാഥാർഥ്യമാക്കാനുതകുന്ന തീരുമാനങ്ങൾ ഉച്ചകോടിയിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്. കാർബൺ പുറന്തള്ളൽ കുറക്കാൻ അംഗരാജ്യങ്ങൾ പ്രതിജ്ഞ പുതുക്കും. 2021ൽ സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിലാണ് ഉച്ചകോടി നടന്നത്. അടുത്ത ഉച്ചകോടി 2023ൽ യു.എ.ഇയിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.