അഴിമതി കേസിൽ അറസ്റ്റ് ഭയന്ന് ഇംറാൻ ഖാന്റെ ഭാര്യ സുഹൃത്ത് ദുബൈയിലേക്ക് കടന്നു
text_fieldsഅഴിമതി കേസിൽ അറസ്റ്റ് ഭയന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ ഭാര്യയുടെ അടുത്ത സുഹൃത്ത് രാജ്യം വിട്ടതായി റിപ്പോർട്ട്. മൂന്നാം ഭാര്യ ബുഷ്റ ബീവിയുടെ സുഹൃത്തായ ഫറാ ഖാൻ ആണ് ഞായറാഴ്ച ദുബൈയിലേക്ക് പോയത്. പാകിസ്താനിൽ പുതിയ സർക്കാർ അധികാരമേറ്റാൽ ഫറാ ഖാൻ അറസ്റ്റിലാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. അവരുടെ ഭർത്താവ് അഹ്‌സൻ ജമിൽ ഗുജ്ജാർ ഇതിനകം യു.എ.സിലേക്ക് പോയി.
പണം വാങ്ങി ഉദ്യോഗസ്ഥരെ അവരുടെ ഇഷ്ട പ്രകാരം സ്ഥലം മാറ്റുന്നതിനും നിയമിക്കുന്നതിനുമായി ഫറാ ഇടപെട്ടെന്നും ഇതിലൂടെ ആറ് ബില്ല്യൺ പാകിസ്താൻ രൂപയുടെ അഴിമതി നടത്തിയെന്നുമാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. അഴിമതികളുടെ മാതാവ് എന്നാണ് ഫറയുടെ അഴിമതിയെ വിശേഷിപ്പിക്കുന്നത്.
ഇംറാന്റെയും ഭാര്യയുടെയും നിർദേശപ്രകാരമാണ് ഫറ അഴിമതി നടത്തിയതെന്ന് പാകിസ്താൻ മുസ്ലിം ലീഗ് (എൻ) വൈസ് പ്രസിഡന്റും മുൻ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ മകളുമായ മറിയം നവാസ് ആരോപിച്ചു. താൻ അധികാരത്തിൽ നിന്ന് പുറത്തായാൽ തന്റെ കളവുകൾ പുറത്തുവരുമെന്ന് ഇംറാൻ ഭയക്കുന്നുണ്ടെന്നും മറിയം കൂട്ടിച്ചേർത്തു.
അടുത്തിടെ പുറത്താക്കപ്പെട്ട പഞ്ചാബ് ഗവർണർ ചൗധരി സർവാറും ഖാന്റെ പഴയ സുഹൃത്തും പാർട്ടി ധനസഹായക്കാരനുമായ അലീം ഖാനും പഞ്ചാബിൽ മുഖ്യമന്ത്രി ഉസ്മാൻ ബുസ്ദാർ മുഖേന കോടിക്കണക്കിന് രൂപയുടെ കൈമാറ്റങ്ങളും നിയമനങ്ങളും നടത്തിയതായി ആരോപണമുണ്ട്. ഉന്നത ഉദ്യോഗം നഷ്‌ടമായതോടെ ഇംറാൻ ഖാന്റെ അടുത്ത സഹായികൾ രാജ്യം വിടാൻ പദ്ധതിയിട്ടതായും റിപ്പോർട്ടുകളിൽ പറയുന്നു.
ഡെപ്യൂട്ടി സ്പീക്കറുടെ നടപടി നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. അതേസമയം കാവൽ പ്രധാനമന്ത്രിയെ നിയമിക്കുന്നത് വരെ താൽക്കാലിക പ്രധാനമന്ത്രിയായി തുടരാൻ പ്രസിഡന്റ് ആരിഫ് അലി ഇംറാൻ ഖാനോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.