കൊളംബിയയിൽ ആദ്യ ഇടത് പ്രസിഡന്റ്; ഗുസ്താവോ പെട്രോ അധികാരമേറ്റു
text_fieldsബൊഗോട്ട: ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയയുടെ ആദ്യ ഇടത് പ്രസിഡന്റായി ഗുസ്താവോ പെട്രോ (62) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുൻ വിമതനും ഗറില സംഘം എം-19 ലെ അംഗവുമായിരുന്ന പെട്രോ ജൂണിൽ നടന്ന തെരഞ്ഞെടുപ്പിൽ റിയൽ എസ്റ്റേറ്റ് കോടീശ്വരൻ റൊഡോൾഫോ ഹെർണാണ്ടസിനെ പരാജയപ്പെടുത്തിയാണ് പ്രസിഡന്റ് പദവിയിലേക്കെത്തിയത്.
ജനസംഖ്യാടിസ്ഥാനത്തിൽ ലാറ്റിൻ അമേരിക്കയിലെ മൂന്നാമത്തെ വലിയ രാജ്യമായ കൊളംബിയക്ക് പെട്രോയുടെ പ്രസിഡന്റ് പദം ചരിത്രപരമായ കാരണങ്ങൾ കൊണ്ടും പ്രാധാന്യമുള്ളതാണ്. രാജ്യത്ത് അരനൂറ്റാണ്ടിലേറെ നീണ്ട സായുധപോരാട്ടം കാരണം ഇടതുസംഘടനകൾക്ക് കൽപിച്ചിരുന്ന തൊട്ടുകൂടായ്മക്കാണ് ഇതോടെ അന്ത്യമാകുന്നത്. ഗറില വിഭാഗമായ എം-19 ന്റെ ഭാഗമായി പ്രവർത്തിച്ചതിന് ഗുസ്താവോ പെട്രോക്ക് ജയിൽ ശിക്ഷ ലഭിക്കുകയും പിന്നീട് പൊതുമാപ്പ് ലഭിക്കുകയും ചെയ്തിരുന്നു. ദാരിദ്ര്യനിർമാർജന പദ്ധതികളിലൂടെയും ഗ്രാമപ്രദേശങ്ങളിൽ നടത്തുന്ന നിക്ഷേപങ്ങളിലൂടെയും കൊളംബിയയിലെ സമൂഹിക സാമ്പത്തിക അസമത്വം അവസാനിപ്പിക്കുമെന്ന് പെട്രോ വാഗ്ദാനം ചെയ്തിരുന്നു. ഇപ്പോഴും പ്രവർത്തിക്കുന്ന വിമതസംഘങ്ങളുമായി സമാധാന ചർച്ചകളാരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കോവിഡ് മഹാമാരിക്കും തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിക്കും ശേഷം ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ശക്തി പ്രാപിക്കുന്ന ഇടത് അനുകൂല തരംഗത്തിന്റെ ഗുണഭോക്താവാണ് പെട്രോയും. കഴിഞ്ഞ വർഷം ചിലി, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലും ഇടത് അനുഭാവികളാണ് പ്രസിഡന്റ് പദമേറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.