ഗസ്സ യുദ്ധം; ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും അവസാനിപ്പിച്ച് കൊളംബിയ
text_fieldsബൊഗോട്ട: ഗസ്സയിൽ എല്ലാ മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര ധാരണകളും ലംഘിച്ച് നടത്തുന്ന യുദ്ധത്തിൽ പ്രതിഷേധിച്ച് ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ. അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ സംസാരിക്കവേ കൊളംബിയൻ പ്രസിഡന്‍റ് ഗുസ്താവോ പെട്രോയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഗസ്സയിലെ അതിക്രമത്തിന് മുന്നിൽ ലോകരാജ്യങ്ങൾ നിഷ്ക്രിയരായി നിൽക്കരുതെന്നും അദ്ദേഹം പറഞ്ഞു.
'ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും മുറിക്കുകയാണെന്ന് നിങ്ങൾക്ക് മുമ്പിൽ ഞാൻ പ്രഖ്യാപിക്കുന്നു. വംശഹത്യക്ക് നേതൃത്വം നൽകുന്ന ഒരു സർക്കാറും ഒരു പ്രസിഡന്‍റുമാണ് ഇസ്രായേലിലേത്' -തലസ്ഥാനമായ ബോഗോട്ടയിൽ സംസാരിക്കവേ ഗുസ്താവോ പെട്രോ പറഞ്ഞു. ഇടതുപക്ഷക്കാരനായ പെട്രോ 2022ലാണ് കൊളംബിയയുടെ പ്രസിഡന്‍റായത്. തെക്കേ അമേരിക്കയിൽ ഇസ്രായേലിന്‍റെ പ്രധാന വിമർശകരിലൊരാളാണ് പെട്രോ.
ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാല്ലന്‍റ് 'ജൂതരിലെ നാസികളുടെ' ശബ്ദത്തിലാണ് സംസാരിക്കുന്നതെന്ന് ഗസ്സ അധിനിവേശത്തിന്‍റെ ആദ്യദിനങ്ങളിൽ തന്നെ ഗുസ്താവോ പെട്രോ വിമർശിച്ചിരുന്നു. ഗസ്സയിൽ മനുഷ്യമൃഗങ്ങൾക്കെതിരെയാണ് ഞങ്ങളുടെ പോരാട്ടമെന്ന ഗാല്ലന്‍റിന്‍റെ പ്രസ്താവന ചൂണ്ടിക്കാട്ടിയായിരുന്നു കൊളംബിയയുടെ വിമർശനം. ഇതിന് പിന്നാലെ കൊളംബിയയിലേക്കുള്ള സുരക്ഷാ ഉപകരങ്ങളുടെ കയറ്റുമതി നിർത്തിവെക്കുകയാണെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചിരുന്നു.
ഇസ്രായേൽ ഗസ്സയിൽ വംശഹത്യയാണ് നടത്തുന്നതെന്ന് ആക്രമണം തുടങ്ങി ഒരു മാസം പിന്നിട്ടപ്പോൾ ഗുസ്താവോ പെട്രോ വിമർശിച്ചിരുന്നു. ഫെബ്രുവരിയിൽ ഗസ്സയിൽ ഭക്ഷണത്തിനായി വരിനിന്നവരുടെ നേരെ ഇസ്രായേൽ നടത്തിയ ആക്രമണം നാസികളുടെ കൂട്ടക്കൊലയെ ഓർമിപ്പിക്കുന്നതാണെന്ന് പെട്രോ വിമർശിച്ചു. ഇതിന് പിന്നാലെ ഇസ്രായേലിൽ നിന്നുള്ള ആയുധം വാങ്ങലും കൊളംബിയ നിർത്തിവെച്ചു.
ഗസ്സയിലെ റഫയിൽ ഇസ്രായേൽ ക്രൂരമായ കരയാക്രമണത്തിന് ഒരുങ്ങുന്നതിനിടെയാണ് കൊളംബിയൻ പ്രസിഡന്‍റ് നയതന്ത്രബന്ധം മുറിച്ചിരിക്കുന്നത്. ഗസ്സയിൽ മാസങ്ങളായി തുടരുന്ന മനുഷ്യത്വരഹിത ആക്രമണത്തിൽ 34,500ലേറെ പേരാണ് കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.